iti
ചാലക്കുടി ഗവ.ഐ.ടി.ഐയുടെ ആധുനികവത്കരണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ ഭദ്രദീപം തെളിക്കുന്നു

ചാലക്കുടി: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത രീതിയിൽ നിന്നും മോചിപ്പിച്ച് ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ചാലക്കുടി ഗവ.ഐ.ടി.ഐയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ക്ലാസ് മുറികൾ, ആധുനിക വർക്ക് ഷോപ്പ്, മികച്ച ലൈബ്രറി, വിശാലമായ ഹോസ്റ്റൽ സൗകര്യം ഇവയെല്ലാം ആധുനികവത്കരണത്തിന്റെ ഭാഗമാണെന്ന് മന്ത്രി തുടർന്നു പറഞ്ഞു. മൊത്തം 29 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 8.92 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, വ്യവസായ പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്റ്റാറി പോൾ, പ്രിൻസിപ്പാൾ സജിമോൻ മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു.