
ഗുരുവായൂർ: ദേവസ്വം നിയമനങ്ങളിൽ സംവരണ മാനദണ്ഡം നടപ്പിലാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും ബാധകമായിട്ടുള്ളത്. ഇതിനാലാണ് ദേവസ്വം നിയമനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡം നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് നിയമനങ്ങളിൽ പത്തുശതമാനം സംവരണം ഏർപ്പെടുത്തും. പട്ടികജാതി, പട്ടികവർഗ്ഗം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവർക്കാണ് സർക്കാർ സർവീസിൽ നൽകി വരുന്ന സംവരണ ആനുകൂല്യം നടപ്പിലാക്കുന്നത്. നിലവിൽ ഈ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് പത്തു ശതമാനം മാത്രമായിരുന്നു സംവരണം. അടുത്ത നിയമനം മുതൽ ഇത് നടപ്പിലാക്കും. നിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ പണി ആരംഭിച്ച് നിർമ്മാണം നടന്നുവരുന്നതും, 15 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പദ്ധതികളുടെ രൂപരേഖ ഭരണസമിതി അംഗീകരിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ നിർവഹിക്കാൻ വിവിധ ഭരണസമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ. അജിത്, കെ.വി ഷാജി, ഇ.പി.ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.
ക്ഷേത്ര ദർശനത്തിന് കൂടുതൽ നിയന്ത്രണം
ഗുരുവായൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെർച്വൽ ക്യൂ വഴി ഓൺലൈനിൽ ബുക്ക് ചെയ്തു വരുന്ന ഭക്തരെ മാത്രമേ ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിനായി പ്രവേശിപ്പിക്കുകയുള്ളൂ.
നിലവിൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്തർ ഇല്ലാത്ത സമയങ്ങളിൽ ആധാർ കാർഡുമായി വരുന്ന ഭക്തരെ നേരിട്ട് ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതു നിറുത്തലാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. നിലവിൽ ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിന് ആയിരം പേർക്കാണ് ഒരു ദിവസം സൗകര്യമുണ്ടായിരുന്നത്. ഇത് 1500 ആയി വർദ്ധിപ്പിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യാതെ ആധാർ കാർഡുമായെത്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ഗുരുവായൂർ നിവാസികൾക്ക് അനുവദിച്ചിരുന്ന ഇളവും നിറുത്തലാക്കിയിട്ടുണ്ട്. ഗുരുവായൂർ നിവാസികളും ഇനി ഓൺലൈനിൽ ബുക്ക് ചെയ്തു വന്നാൽ മാത്രമേ ദർശനത്തിനായി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളു.