കൊടുങ്ങല്ലൂർ: വെളിച്ചം അഗതിമന്ദിരവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് വെളിച്ചം ട്രസ്റ്റ് പൊതുയോഗം. നിരാലംബരായ ആളുകളെ ഏറ്റെടുത്ത് നല്ല രീതിയിൽ നടന്നുവരികയും പെട്ടെന്ന് തന്നെ പേര് പ്രശസ്തമാവുകയും ചെയ്ത അഗതിമന്ദിരമാണ് വെളിച്ചം.

ഈ അഗതികളെ വീണ്ടും അനാഥത്വത്തിലേക്ക് വലിച്ചെറിയാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് സി.പി.എം നടത്തുന്നത്. കണക്ക് യഥാസമയം ഓഡിറ്റ് ചെയ്തില്ലെങ്കിലും എല്ലാ യോഗങ്ങളിലും വായിച്ച് പാസാക്കും. ഇങ്ങനെയിരിക്കെ കാർബൺ ഇല്ലാതെ എഴുതിയ ഒരു റസീറ്റ് ബുക്ക് ഉയർത്തിക്കാട്ടി ട്രസ്റ്റ് പ്രസിഡന്റിനെയും ഒപ്പം അഗതിമന്ദിരത്തെയും സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികൾക്ക് നേരേയുണ്ടായ ആക്രമണം അവജ്ഞയോടെ തള്ളിക്കളയുകയും പ്രസിഡന്റ് കെ.പി സുനിൽ കുമാറിനും സെക്രട്ടറി സി.എസ് തിലകനും പൂർണ്ണ പിന്തുണയും ട്രസ്റ്റ് യോഗം നൽകി. എം.എൽ.എ വി.ആർ സുനിൽ കുമാറിന്റേയും നഗരസഭ വൈസ് ചെയർമാൻ ഹണീ പീതാംബരന്റെയും നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്ന് ഓഡിറ്റർ കണക്ക് വായിച്ച് യോഗം അംഗീകരിച്ചു. വെളിച്ചം അഗതിമന്ദിരം ട്രസ്റ്റ് പ്രസിഡന്റ് കെ.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ് തിലകൻ, ട്രഷറർ സൽമ സജിൻ, ഓഡിറ്റർമാരായ കെ.ജി മുരളീധരൻ, രാജൻ കോവിൽ പറമ്പിൽ, കെ.ആർ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.