child

തൃശൂർ: പാതി വഴിയിൽ ജീവിതം ഉപേക്ഷിച്ച് മരണത്തെ പുല്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ജില്ലയിൽ ജനുവരി മുതൽ 28 കുട്ടികൾ ആത്മഹത്യ ചെയ്തു. കൊവിഡിനെ തുടർന്ന് സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് ഇത്രയേറെ കുട്ടികൾ ആത്മഹത്യചെയ്തതെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വീടുകളിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളാണ് കൂടുതലും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പഠനം നടത്തും

ആത്മഹത്യാ നിരക്ക് കൂടുന്ന സാഹചര്യത്തിൽ പഠന റിപ്പോർട്ട്‌ തയ്യാറാക്കാൻ ജില്ലാ ഭരണം കൂടം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രന്റെ ( ഒ.ആർ.സി) ജില്ലാ റിസോഴ്സ് സെന്റർ പൂർണ്ണ സജ്ജമാക്കി ആത്മഹത്യാ പ്രതിരോധ ബോധവത്കരണം നടത്തും. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന പ്രവർത്തനം നടത്തും. പഠനം, ആരോഗ്യകരമായ കുടുംബാന്തരീക്ഷം, കുട്ടികളുടെ മാനസികാരോഗ്യം എന്നിവക്ക്‌ പ്രാധാന്യം നൽകും.കുട്ടികളിലെ സർഗാത്മകത ഉയർത്തുന്നതിന് സ്മാർട്ട് 40 ക്യാമ്പുകൾ (ലൈഫ് സ്കിൽ പരിശീലന ക്യാമ്പ് 3) നടത്തും. ആക്ഷൻ ഗ്രൂപ്പ്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസുകൾ അദ്ധ്യാപകർ ആവശ്യപ്പെടുന്നതനുസരിച്ച് നൽകുന്നതിന് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഉറപ്പു വരുത്തും. ഇതിനായി ഒരു പൂൾ തയ്യാറാക്കും.

36 സ്കൂളുകളിൽ

ഒ. ആർ. സി

ജില്ലയിൽ 36 സ്‌കൂളുകളിലാണ് ഒ ആർ സി പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്സൈസ്, പട്ടിക വർഗ്ഗ പട്ടിക ജാതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഏകോപനത്തോടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തുക. കൂടാതെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചിരി പദ്ധതി നടപ്പാക്കും. ഇതിനായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി.

ടോൾ ഫ്രീ നമ്പർ 9497900 200