 
തൃശൂർ: മരണത്തുരുത്തായി ദേശീയപാത മാറുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ച് അധികൃതരും കരാറുകാരും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടങ്ങളെ തുടർന്നുണ്ടാകുന്ന കുരുക്ക് ഇതുവഴിയുള്ള മറ്റ് യാത്രക്കാർക്കും തലവേദനയാകുന്നു.
വ്യാഴാഴ്ച രാവിലെ ചുവന്നമണ്ണിൽ ലോറി മറിഞ്ഞ് ഡിണ്ടിഗൽ സ്വദേശിയായ ഡ്രൈവർ രവി(37) മരിച്ചതിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ കുതിരാൻ ടണലിന് സമീപം നാലു ലോറികൾ കൂട്ടിയിട്ടിച്ച് ലോറി ഡ്രൈവർ മരിച്ചത്. തൃശൂർ ഭാഗത്തേക്ക് ശർക്കരയുമായി വന്ന ചരക്ക് ലോറിയും പിറകിൽ വന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റ് രണ്ട് ലോറികളും കൂട്ടിയിടിച്ചു. ശർക്കര കയറ്റിവന്ന ലോറി ദേശീയപാതയിൽ തലകീഴായും കണ്ടെയ്‌നർ ലോറി 30 അടി താഴ്ചയിൽ ടണലിലേക്കുള്ള റോഡിലേക്കുമാണ് മറിഞ്ഞത്. ദേശീയപാതയിൽ മറിഞ്ഞ ലോറിയുടെ ഡ്രൈവർ കൂത്താട്ടുകുളം സ്വദേശി ജീനിഷ് (31) ആണ് മരിച്ചത്.
പരിക്കേറ്റ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടങ്ങൾ പതിവാകുന്നതോടെ ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതപൂർണം. ഇന്നലെ കുതിരാനിലെ അപകടത്തെ തുടർന്ന് 18 മണിക്കൂറുകളോളം കുരുക്ക് അനുഭവപ്പെട്ടു. ആംബുലൻസുകൾക്ക് പോലും പോകാൻ കഴിഞ്ഞില്ല.
കുതിരാൻ തുരങ്കം താത്കാലികമായി തുറന്നുകൊടുത്താണ് ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കിയത്. കുരുക്ക് മുറുകിയതോടെ തൃശൂർ ഭാഗത്ത് നിന്നുള്ള ചെറുവാഹനങ്ങൾ വടക്കാഞ്ചേരി- ഷൊർണ്ണൂർ വഴിയായിരുന്നു പോയത്.
തൃശൂർ: കുതിരാൻ തുരങ്കം തുറക്കാൻ ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം കളക്ടറെയും വൈൽഡ് ലൈഫ് ഫോറസ്റ്റ് കൺസർവേറ്ററെയും കക്ഷി ചേർത്തു. കരാർ കമ്പനിക്കാരോട് തുരങ്കത്തിന്റെ പണി എന്ന് തുടങ്ങുമെന്നും നിർമ്മാണപുരോഗതിയും ബോദ്ധ്യപ്പെടുത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ്‌കുമാർ മുഖാന്തിരം ബോധിപ്പിച്ച ഹർജിയിലാണ് കളക്ടറെയും വൈൽഡ് ലൈഫ് ഫോറസ്റ്റ് കൺസർവേറ്ററെയും കക്ഷി ചേർത്തത്. അടുത്തയാഴ്ച ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
ഉത്തരവാദികൾ ഉദ്യോഗസ്ഥർ
ചുവന്നമണ്ണിൽ അണ്ടർപാസ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ കുതിരാനിൽ മരിക്കാനിടയായതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. കരാറുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കതെിരെയും നടപടി വേണം. കരാർ പാലിക്കാതെയും അഞ്ച് വർഷം കൂടുമ്പോൾ റോഡുകൾ പുതുക്കാതെയും ടോൾ പിരിക്കാൻ പാടില്ലെന്ന നിയമം അട്ടിമറിക്കപ്പെടുകയാണ്.- ലോറി ഓണേഴ്‌സ് ഫെഡറേഷൻ