 
മാള: കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം ഗ്രാമത്തിന്റെ യശസ് ഉയർത്തിയ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. എട്ട് പതിറ്റാണ്ട് പിന്നിടുന്ന ഈ വിദ്യാലയത്തിന് ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമേ പുതിയ കെട്ടിടം നിലവിലുള്ളൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒരു കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്.
എട്ട് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങളാണ് ഹൈസ്‌കൂൾ വിഭാഗത്തിനുള്ളത്. സ്‌കൂൾ കെട്ടിടത്തിന്റെ അനുബന്ധമായുള്ള തുറന്ന സ്റ്റേജ് കഴിഞ്ഞ ദിവസം തകർന്ന് വീണിരുന്നു. കാലപ്പഴക്കം കാരണം പഴയ കെട്ടിടങ്ങൾ പലതും അപകടാവസ്ഥയിലാണ്. അതിനാൽ ഈ കെട്ടിടങ്ങൾ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ആധുനിക രീതിയിൽ ആറ് ക്ലാസ് മുറികളും ഓഫീസും ജീവനക്കാർക്കുള്ള മുറിയും ശുചിമുറികളും പുതിയ കെട്ടിടത്തിലുണ്ടാകും.
ഇരുനിലകളിലായുള്ള കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈനായി നിർവ്വഹിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി. പാത്താടൻ, വാർഡ് മെമ്പർ ഷീബ ഷാജു, പ്രിൻസിപ്പൽ ഡോ. കെ. മുരുഗദോസ്, പ്രധാനാദ്ധ്യാപിക മേജൊ പോൾ കെ., പി.ടി.എ പ്രസിഡന്റ് പി.എസ്. സന്തോഷ്‌കുമാർ, ബി.പി.ഒ വി.വി. ശശി, ഒ.എസ്.എ സെക്രട്ടറി പി.വി. അരുൺ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.