 
നാല് ചരക്കുലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്
തൃശൂർ: ദേശീയപാത കുതിരാനിൽ ഇന്നലെ പുലർച്ചെ നാലു ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗത കുരുക്കിൽപ്പെട്ട് യാത്രക്കാർ നട്ടം തിരിഞ്ഞു. കണ്ടെയ്‌നർ ലോറികളും ചരക്ക് ലോറികളുമാണ് ഇന്നലെ പുലർച്ചെ 12 മണിയോടെ അപകടത്തിൽപ്പെട്ടത്.
കണ്ടെയ്‌നർ ലോറി അടക്കം രണ്ട് ലോറികൾ മറിയുകയും അപകടത്തിൽ ഡ്രൈവർ മരിക്കുകയും ചെയ്തിരുന്നു. കുത്താട്ടുകുളം സ്വദേശി ജീനിഷ് (31) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് അഞ്ച് കിലോമീറ്റർ ദൂരമാണ് മണിക്കൂറുകളോളം യാത്രക്കാർ കുരുക്കിൽപ്പെട്ടത്. തൃശൂർ ഭാഗത്തേക്ക് ശർക്കരയുമായി വന്ന ചരക്ക് ലോറിയും പിറകിൽ വന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റ് രണ്ട് ലോറികളും കൂട്ടിയിടിച്ചു.
ശർക്കര കയറ്റി വന്ന ലോറി ദേശീയപാതയിൽ തലകീഴായും കണ്ടെയ്‌നർ ലോറി 30 അടി താഴ്ചയിൽ ടണലിലേക്കുള്ള റോഡിലേക്കുമാണ് മറിഞ്ഞത്. ദേശീയപാതയിൽ മറിഞ്ഞ ലോറിയുടെ ഡ്രൈവർ ആയിരുന്നു മരിച്ച ജീനിഷ്. തൃശൂരിൽ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം താറുമാറായി.
തൃശൂർ ഭാഗത്ത് നിന്ന് പോകുന്ന ചെറുവാഹനങ്ങൾ വടക്കാഞ്ചേരി ഷൊർണ്ണൂർ വഴിയാണ് പോയിരുന്നത്. കഴിഞ്ഞ ദിവസം ചുവന്നമണ്ണിൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് ഈ റോഡ് സ്വദേശിയായ ഡ്രൈവർ രവി മരിച്ചിരുന്നു.