rape

തൃശൂർ: വാളയാർ കേസ് അട്ടിമറിച്ച മുഖ്യമന്ത്രിയുടെയും മന്ത്രി എ.കെ. ബാലന്റെയും ദളിത് വഞ്ചനയ്ക്കെതിരെ ബി.ജെ.പി പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ഇന്ന് വൈകിട്ട് ആറിന് വാളയാറിലും സെക്രട്ടേറിയറ്റ് നടയിലും 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ നീതി ജ്വാല സംഘടിപ്പിക്കും.

വാളയാർ കേസ് സി.ബി.ഐ അന്വേഷണം നടത്തുക, വാളയാർ കുടുംബത്തിന് നീതി നൽകുക എന്നീ ആവശ്യമുന്നയിച്ചു നവംബർ രണ്ടിന് കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിക്കും. വാളയാറിൽ നടന്നത് സർക്കാർ സ്‌പോൺസേഡ് കേസ് അട്ടിമറിക്കൽ ആയിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതും ഇടയ്ക്കിടെയുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരെ മാറ്റലും തെളിവുകൾ സമർപ്പിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര വീഴ്ചയും കേസ് അട്ടിമറിക്കുന്നതിന് നടത്തിയ ഗൂഢാലോചനയാണ്.

ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ഇതെല്ലാം നടന്നത് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സർക്കാർ വരുത്തിയതെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.