അന്തിക്കാട്: 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അന്തിക്കാട് സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ നിർമ്മിച്ച രണ്ട് നിലയുള്ള ഡോക്ടേഴ്സ് ക്വാർട്ടേഴ്‌സ് തിങ്കളാഴ്ച പകൽ 11ന് ഗീത ഗോപി എം.എൽ.എ നാടിന് സമർപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗീത ഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ചാണ് 2499 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടം നിർമ്മിച്ചത്. കുടുംബത്തോടൊപ്പം രണ്ട് ഡോക്ടർമാർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ മൂന്ന് ബെഡ് റൂം, ഡ്രോയിംഗ് കം ഡൈനിംഗ് ഹാൾ, മൂന്ന് ടോയ്‌ലറ്റുകൾ എന്നിവയും ഫസ്റ്റ് ഫ്‌ളോറിൽ രണ്ട് ബെഡ് റൂം, കിച്ചൻ, ഡ്രോയിംഗ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
രാത്രിയിൽ താമസ സൗകര്യമില്ലാത്തതിന്റെ പേരിൽ പലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാതെ വരികയും കിടത്തിച്ചികിത്സയ്ക്ക് പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് എം.എൽ.എയുടെ ഇടപെടൽ ഉണ്ടായത്. ക്വാർട്ടേഴ്‌സ് സൗകര്യം വരുന്നതോടെ ഡോക്ടർമാർക്ക് താമസിച്ച് ജോലി ചെയ്യാനാകുമെന്നതിനാൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആശ്വാസമാകും.
എം.എൽ.എയെ കൂടാതെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യുട്ടിവ് എൻജിനിയർ രാജൻ പാറേക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.