 
കൊടകര: കൊവിഡ് സാമൂഹ്യ വ്യാപനം കൂടുതലായ ഈ സാഹചര്യത്തിൽ പ്രതിരോധ രംഗത്ത് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിന്റെ ഒരു സംഭാവന കൂടി. സഹൃദയയിലെ എൻ.എസ്.എസ് യൂണിറ്റും ഐ.ഇ.ഡി.സിയും ചേർന്ന് ഓട്ടോമാറ്റിക് മാസ്‌ക് വെൻഡിംഗ് മെഷീനും സാനിറ്റൈസർ ഡിസ്‌പെൻസറും തയ്യാറാക്കി. അഞ്ച് രൂപയുടെ നാണയം മെഷീനിലിട്ടാൽ അണുവിമുക്തമായ മാസ്‌ക് പുറത്തേക്ക് വരും. മനുഷ്യ സ്പർശം ഏൽക്കാത്ത അണുവിമുക്തമായ മാസ്‌ക് നൽകുക എന്ന ആശയത്തോടെയാണ് മാസ്‌ക് വെൻഡിംഗ് മെഷീൻ നിർമിച്ചത്. ഇതിനോട് ചേർന്നുള്ള സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ നേരെ കൈ കാണിച്ചാൽ വീഴുന്ന സാനിറ്റെസർ കൊണ്ട് കൈകൾ അണു നശികരണം നടത്താനുമാകും. എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാരായ മെറീന.എസ്. തോമസ്, കെ.എസ്. ശരൺ, ആന്റണി പോൾ, അലക്‌സ് എബ്രഹാം, ആഡ്‌ലി സേവിയർ, ക്ലിന്റോ മാർട്ടിൻ, ആൽബിൻ സൈമൺ എന്നിവരടങ്ങുന്ന സംഘമാണ് മെഷീൻ നിർമിച്ചത്.
സഹൃദയ എക്‌സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ മെഷീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിക്‌സൺ കുരുവിള അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. സി.യു. വിജയ്, ഐ.ഇ.ഡി.സി നോഡൽ ഓഫീസർ പ്രൊഫ. ജിബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.