ചാലക്കുടി: ആനക്കയം പദ്ധതിക്കെതിരെ പ്രതിഷേധമുയർത്തി ചാലക്കുടി റിവർ പ്രൊട്ടക്ഷൻഫോറം സമരം നടത്തി. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യമായ വി ഷാൽ സ്പീക്ക്, ആഹ്വാനം ചെയ്ത സമര ശൃംഖലയിൽ കണ്ണിചേർന്നാണ് റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധകേന്ദ്രങ്ങളിൽ പ്രവർത്തകർ സമരം നടത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധത്തിനെത്തിയത്. മരം മുറിക്കാനും തുരങ്കം നിർമ്മിക്കാനുമുള്ള നീക്കങ്ങൾ ഉടൻ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരക്കാർ ആനക്കയം പദ്ധതി അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിലും ടൗൺഹോൾ പരിസരത്തും നടന്ന സമരത്തിന് കുസുമം ജോസഫ്, വിനിത ഷോളയാർ, കെ.വി.പുരുഷോത്തമൻ, എൻ.ഡി. വേണു, ശ്രീലത നായരങ്ങാടി, സി.വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു. അതിരപ്പിള്ളിയിൽ കവാടത്തിനു മുന്നിലും, കെ.എസ്.ഇ.ബി പ്രോജക്ട് ഓഫീസിനു മുന്നിലും നടന്ന വ്യത്യസ്ത പരിപാടികളിൽ കെ.എസ്. പ്രശാന്ത്, പി.എം. പുഷ്പാംഗദൻ, എം.പി. ജാനകി, സെബാസ്റ്റ്യൻ നെടുങ്ങാട് എന്നിവരും നേതൃത്വം നൽകി.

ആനക്കയം പദ്ധതി നടപ്പാക്കാനുള്ള വൈദ്യുതി ബോർഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ചടങ്ങ് സംഘടിപ്പിച്ചു. ദേശീയ കോഡിനേറ്റർ ഷോൺ പെല്ലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. വലിയ അഴിമതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയ്‌ക്കെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനിൽ
പരിയാരം അദ്ധ്യക്ഷത വഹിച്ചു. ആൽബിൻ പൗലോസ്, അരുൺ കാതികുടം, സന്റോ മാത്യം, ലജോ ജോൺ, രഹിൻ കല്ലാട്ടിൽ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.