പാലപ്പിള്ളി: കുണ്ടായി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനയിറങ്ങി. തോട്ടത്തിൽ കാട്ടാനയിറങ്ങുന്നത് പതിവായതോടെ തൊഴിലാളികൾ ഭീതിയിലാണ്. ഇന്നലെ രാവിലെ തോട്ടത്തിൽ തൊഴിലാളികൾ റബ്ബർ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടാനകൾ കൂട്ടമായെത്തിയത്. പന്തംകൊളുത്തി ഭയപ്പെടുത്തിയാണ് തൊഴിലാളികൾ ഇവയെ അകറ്റിയത്. കുട്ടിയാനയടക്കം അഞ്ച് ആനകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. കാട്ടുമൃഗങ്ങൾ എസ്റ്റേറ്റ് മേഖലയിൽ ഭീതിവിതക്കുമ്പോൾ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആക്ഷേപം.