 
പടിഞ്ഞാറെ ചാലക്കുടി: ഷാ റോഡിൽ നാട്ടുകാരുടെ സഹകരണത്തോടെ നഗരസഭ പുനർനിർമ്മിച്ച കിഴക്കുമാലിക്കുളത്തിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട വികസന പ്രവർത്തനത്തിന്റെ ശിലാസ്ഥാപനവും ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ അഡ്വ.ബിജു എസ്.ചിറയത്ത്, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ, കൗൺസിലർമാരായ ഷിബു വാലപ്പൻ, ഉഷ പരമേശ്വരൻ, ആന്റണി ചക്കാലക്കൽ, ബൈജു മൽപ്പാൻ, സലിം കളക്കാട്ട് എന്നിവർ പ്രസംഗിച്ചു.
മൽപ്പാൻ കൊച്ചപ്പന്റെ കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്ന ചെറിയൊരു കുളവും അനുബന്ധമായ ഇരുപതു സെന്റ് സ്ഥലവും നഗരസഭയ്ക്ക് വിട്ടുനൽകിയത്. തുടർന്ന് കല്ലിങ്ങൽ കുടുംബക്കാർ പരിസരത്തായി പത്തു സെന്റു കൂടി സംഭാവന ചെയ്തു. തുടർന്ന് നാട്ടുകാർ തന്നെ രണ്ടു ലക്ഷം രൂപ മുടക്കി കുളത്തിന് ആഴംകൂട്ടി. പിന്നീട് വാർഡ് കൗൺസിലർ ബിജു ചിറയത്തിന്റെ ശ്രമഫലമായി നഗരസഭ കുളത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു. കുളത്തിനു ചുറ്റം ടൈൽ വിരിയ്ക്കൽ, ഹാന്റ് റീൽ ഘടിപ്പിക്കൽ എന്നിവയ്ക്കായി 5ലക്ഷം രൂപ കൂടി നഗരസഭ അനുവദിച്ചിട്ടുണ്ട്. നേരത്തെ വിഭാവനം ചെയ്ത കുളത്തിന്റെ പൂർണ്ണരൂപം ആധുനികവത്കരണത്തിന് ഇരുപത് ലക്ഷം രൂപകൂടി ആവശ്യമാണ്.