 
ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരവുമായി ആരംഭിക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്റെ ഉദ്ഘാടനം ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷനാകും.
തച്ചുടയകൈമളുടെ കൊട്ടിലായ്ക്കൽ ബംഗ്ലാവ് ഇന്ന് കേരളീയ വാസ്തുവിദ്യയുടെ ശേഷിപ്പുകളിൽ ഒന്നാണ്. ജീർണാവസ്ഥയിലുള്ള ഈ കൊട്ടാരം അതിന്റെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ നിലനിറുത്തിക്കൊണ്ട് സാംസ്‌കാരിക പൈതൃകമാക്കുന്നതിനാണ് കൂടൽമാണിക്യം ദേവസ്വം ലക്ഷ്യമിടുന്നത്.
താളിയോല ഗ്രന്ഥങ്ങളുടെ വൻശേഖരം ഉൾക്കൊള്ളുന്ന കൊട്ടാരം ലൈബ്രറിയിലെ മുഴുവൻ താളിയോല ഗ്രന്ഥങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തും. പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി റിമോട്ട് സെർവറുകളിൽ സൂക്ഷിച്ച് ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കുവാനുമാണ് ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് ലക്ഷ്യമിടുന്നത്.
ദേവസ്വം സ്വത്തുവകകൾ സംബന്ധിച്ച മാപ്പ്, ലാൻഡ് മാപ്പ്, ദേവസ്വം വസ്തുവകകളുടെ ആധാരങ്ങൾ, ഭൂമി ഇടപാടുകളുടെ രേഖകൾ, രജിസ്റ്ററുകൾ,പാട്ടചീട്ടുകൾ,പാട്ടം സംബന്ധിച്ച രജിസ്റ്ററുകൾ എന്നിവയും ശാസ്ത്രീയമായി സംരക്ഷിക്കും. ഒരു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തികരിക്കാൻ കഴിയുമെന്ന് പ്രതിക്ഷിക്കുന്നു.
ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണ സമിതി അംഗം ഭരതൻ കണ്ടേങ്കാട്ടിൽ, മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, ഉപദേശക സമിതി അംഗം പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.