
വർക്കല : ഏകദേശം ആറു പതിറ്റാണ്ടിലേറെ കാലമായി വർക്കലയിൽ പ്രവർത്തിച്ചുവരുന്ന മുൻസിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും വർക്കല താലൂക്കായി മാറിയ ശേഷവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവും നിമിത്തം വീർപ്പുമുട്ടുകയാണ്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് വർക്കലക്കാർ ഇപ്പോഴും ആറ്റിങ്ങൽ സബ് കോടതിയെയും കുടുംബ കോടതിയെയും കൂടാതെ മോട്ടോർ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണൽ കോടതിയെയുമാണ് ആശ്രയിക്കുന്നത്.
ആറ്റിങ്ങൽ കുടുംബകോടതിയിൽ നിലവിലുള്ള കുടുംബ കേസുകളിൽ പകുതിയിലധികവും വർക്കല താലൂക്കിലെ നിവാസികളുടേതാണ്. കൂടാതെ 10 ലക്ഷത്തിനു മുകളിൽ വരുന്ന വ്യവഹാരങ്ങളും വർക്കല മുൻസിഫ് കോടതിയിലെ അപ്പീൽ കേസുകളും ആറ്റിങ്ങൽ സബ് കോടതിയിലാണ് ഫയൽ ചെയ്തു വരുന്നത്.സബ് കോടതിയിലെ കേസുകളുടെ ബാഹുല്യം മൂലം 8 ഉം10 ഉം വർഷങ്ങളാണ് കേസ് തീർപ്പാക്കുന്നതിന് വേണ്ടി വരുന്നത്.
വർക്കല താലൂക്ക് നിലവിൽ വന്ന ശേഷം ഒരു സബ് കോടതിയും ഒരു മജിസ്ട്രേറ്റ് കോടതിയും അനുവദിച്ചുവെങ്കിലും സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ ഫലത്തിൽ കടലാസിൽ മാത്രമാണ് വർക്കലയ്ക്ക് അനുവദിച്ച കോടതികൾ നിലകൊള്ളുന്നത്.