
കല്ലമ്പലം: വയോജനങ്ങൾക്കായി നാവായിക്കുളത്ത് പകൽ വീടൊരുങ്ങി. വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്നവരുടെ അനാരോഗ്യവും അസംതൃപ്തിയും പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പകൽവീടൊരുക്കിയത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൃദ്ധർക്ക് തണലാകുക എന്നതാണ് ലക്ഷ്യം. 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ പുരോഗതിയും സാമൂഹിക സുരക്ഷിതത്വവും പകൽ വീടിലൂടെ ഉറപ്പാക്കും.
സമപ്രായക്കാരുടെ സമാന അനുഭവങ്ങൾ പങ്കുവയ്ക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പ്രത്യേക വയോജന ക്ലബും രൂപീകരിക്കും. തൊഴിൽ പരിശീലനവും ലക്ഷ്യമിടുന്നുണ്ട്. നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് എതിർവശത്ത് ആയുർവേദ ആശുപത്രിക്ക് സമീപത്താണ് പകൽവീടിനായി കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പത്തു ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഫർണിച്ചറിനും ജീവനക്കാരുടെ ഓണറേറിയത്തിനുമായി ഒരു ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്.