കല്ലമ്പലം: തുടർച്ചയായി മഴ പെയ്തതോടെ റോഡിൽ ഊറ്റുണ്ടാകുകയും റോഡ് ചതുപ്പായി മാറുകയും ചെയ്തു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് - പത്തനാപുരം - കുടവൂർ റോഡാണ് തകർന്ന് ചതുപ്പായി മാറിയത്. വാഹനങ്ങൾ ചതുപ്പിൽ പുതഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡ് ചതുപ്പായി മാറിയ വിവരമറിയാതെ വന്ന ഇരുചക്ര വാഹനമടക്കം നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങി. നാട്ടുകാരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് വാഹനങ്ങളെ കടത്തിവിടാനായത്. കട്ടയും കല്ലും തടിയും മറ്റും റോഡിൽ നാട്ടുകാർ കൊണ്ടിട്ടെങ്കിലും ഇപ്പോഴും വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. പഞ്ചായത്ത് ഇടപെട്ട് തകർന്ന റോഡ് പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.