
ചിറയിൻകീഴ്: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യം ഒരുക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ ചിറയിൻകീഴ് സ്വദേശി ശ്രുതിക്ക് പഠനമുറിയായി. മഞ്ചാടിമൂട് ആറടിപ്പാത വയലിൽതിട്ട വീട്ടിൽ ജയകുമാർ - സിന്ധു ദമ്പതികളുടെ മകളാണ് ശ്രുതി. 120 സ്‌ക്വയർഫീറ്റ് വിസ്‌തീർണമുള്ള മുറി രണ്ടുലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് ശ്രുതി. ബേസ് ബാൾ, സോഫ്റ്റ് ബാൾ, ഖോ ഖോ തുടങ്ങിയ ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. 2017ൽ സോഫ്റ്റ് ബാളിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ കൊല്ലം ടീമിലും കഴിഞ്ഞ വർഷം ഇന്റർകോളേജ് ക്രിക്കറ്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ടീമിലും ശ്രുതി അംഗമാണ്.