pic

കിളിമാനൂർ: ആളും ആരവവുമായി നടത്തിയിരുന്ന കല്യാണങ്ങൾ ആൾക്കൂട്ടമില്ലാതെ ചടങ്ങുകളിൽ ചുരുങ്ങിയതോടെ ദുരിതത്തിലായത് പാചക തൊഴിലാളികൾ. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ അടുപ്പുകൾ പുകഞ്ഞിട്ട് മാസങ്ങളായി. രാജ്യം അൺലോക്കിലേക്ക് നീങ്ങിത്തുടങ്ങിയെങ്കിലും കൊവിഡ് വ്യാപനത്തിന് ശമനമില്ലാത്തത് പാചകത്തൊഴിലാളി മേഖലയിലുള്ളവരുടെ പ്രതീക്ഷകൾ കെടുത്തുകയാണ്. വൻ കല്യാണങ്ങളുടെ സദ്യ കരാറെടുത്തിരുന്ന കാറ്ററിംഗ് സർവീസിന്റെ അടുക്കളകൾ ഇപ്പോൾ തീപുകയാത്ത അവസ്ഥയിലാണ്. ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത ഇവർ കാത്തിരിക്കുകയാണ്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നൂറാക്കി ഉയർത്തിയിരുന്നെങ്കിലും രോഗവ്യാപനം കൂടിയതോടെ വീണ്ടും അമ്പതാക്കി മാറ്രി. 50 പേർക്കാണ് പങ്കെടുക്കാൻ അനുമതി എങ്കിലും 350പേർക്കുള്ള വിഭവങ്ങൾ തയാറാക്കാനുള്ള ഓർഡർ ഇപ്പോൾ വരുന്നുണ്ടെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അൻപതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയാറാക്കുന്നത് നഷ്ടക്കച്ചവടമാണ്. ആയിരം പേരുടെ സദ്യവട്ടങ്ങൾ തയാറാക്കുമ്പോൾ ചുരുങ്ങിയത് നാൽപ്പത് പേർക്കാണ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത്. പാചകക്കാർ മുതൽ വിളമ്പുകാർ വരെയുള്ള വിഭാഗത്തിന് പ്രതിദിനം 400മുതൽ 600രൂപ വരെ വരുമാനം ലഭിച്ചിരുന്നു. വിവാഹ സത്കാരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടി ചുരുക്കിയതോടെ കാറ്ററിംഗ് ടീമിലെ ജോലിക്കാരുടെ എണ്ണവും ചുരുങ്ങി. കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറി. കൂടുതൽ സീറ്റുള്ള ഓഡിറ്റോറിയങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചാൽ അത് കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാര മാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

 വിവാഹവുമായി ബന്ധപ്പെട്ട ആഡിറ്റോറിയങ്ങൾ, ഡക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട്, വാദ്യോപകരണക്കാർ, പൂക്കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിൽ

 50 പേർക്കുള്ള ആഹാരം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെ വിവാഹ പാർട്ടിക്കാരെ ആകർഷിക്കാൻ പാക്കേജ് തന്നെ ചില ആഡിറ്റോറിയങ്ങൾ ഒരുക്കിയിട്ടുണ്ട്.