കൊച്ചി : മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ടെർമിനലായി വൈറ്റില പൊന്നുരുന്നിയിലെ എറണാകുളം മാർഷലിംഗ് യാർഡിനെ വികസിപ്പിക്കാൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ മുന്നോട്ടു വന്നെങ്കിലും അനുമതി നൽകാതെ ദക്ഷിണ റെയിൽവേ അധികൃതർ. പൊന്നുരുന്നിയിലെ ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രവും ഗുഡ്സ് യാർഡും കൂടി ചേർന്ന് 110 ഏക്കർ സ്ഥലത്ത് ആധുനിക റെയിൽവേ ട്രാൻസിറ്റ് ഹബ്ബ് നിർമ്മിക്കുന്ന പദ്ധതിക്കാണ് റെയിൽവെ ഉന്നതരിലെ ഒരുവിഭാഗം തടസം സൃഷ്ടിക്കുന്നത്.
• ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന ഏറ്റവും അനുയോജ്യമായ ഘടകമാണ് പൊന്നുരുന്നിയുടെ ആകർഷണം.
• വൈറ്റില ഹബ്ബിനും മെട്രോ സ്റ്റേഷനും സമീപത്താണ് പൊന്നുരുന്നിയെന്നതും സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
• ഇവിടെ 15 പ്ലാറ്റ്ഫോമുകളും അറ്റകുറ്റപ്പണിക്കുള്ള ആറു പിറ്റ് ലൈനുകളും ഉൾപ്പെടെ അത്യാധുധുനിക സൗകര്യങ്ങളുള്ള റെയിൽവെ സ്റ്റേഷൻ സമുച്ചയമാണ് ലക്ഷ്യം
മുഖ്യമന്ത്രി മുതൽ എം.എൽ.എ വരെ
റെയിൽവെ ബോർഡ് ചെയർമാൻ അശ്വിനി ലെഹാനിയുമായി 2017 ഒക്ടോബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ പൊന്നുരുന്നി ട്രാൻസിറ്റ് ഹബ്ബും വിഷയമായി.
ഒരു വർഷം മുമ്പ് ഹൈബി ഈഡൻ എം.പി റെയിൽവെ മന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഹൈബിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും റെയിൽവെ മന്ദഗതിയിലാണെന്നാണ് പരാതി. പദ്ധതി ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറിയതായി പി.ടി. തോമസ് എം.എൽ.എയെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചിരുന്നു.
തടസം സൃഷ്ടിക്കുന്നു
കേരള റെയിൽവെ ഡവലപ്മെന്റ് കോർപ്പറേഷൻ പദ്ധതിയിൽ താല്പര്യം കാണിച്ചെങ്കിലും റെയിൽവെ തടസം സൃഷ്ടിക്കുകയാണെന്ന് മെട്രോ കൊച്ചി വികസന സമിതി ആരോപിച്ചു. പദ്ധതിക്കുവേണ്ടി വർഷങ്ങളായി ശ്രമങ്ങൾ നടത്തുകയാണ് സമിതി.കൊച്ചി മെട്രോപ്പൊലിറ്റൻ നഗരത്തിലെ ജനസംഖ്യ 23 ലക്ഷമായി വർദ്ധിക്കുമെന്നാണ് കണക്ക്.
പ്രക്ഷോഭം സംഘടിപ്പിക്കും
എറണാകുളം മാർഷലിംഗ് യാർഡിൽ ലോകോത്തര നിലവാരത്തിലുള്ള റെയിൽ ട്രാൻസിറ്റ് ഹബ്ബ് സ്ഥാപിച്ചു കിട്ടുന്നതിന് എല്ലാ വിഭാഗം ജനങ്ങളുമായി ചേർന്ന് സമരപരിപാടികൾ അവിഷ്കരിച്ച് മുന്നോട്ട് പോകും.
അഡ്വ.എം.കെ. ശശീന്ദ്രൻ
പ്രസിഡന്റ്
മെട്രോ കൊച്ചി വികസന സമിതി