doctor

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ, ചികിത്സയ്ക്ക് ഡോക്ടർമാരുടെ ക്ഷാമം. ഇതേ തുടർന്ന്, മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ കൊവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് നിയോഗിച്ചുതുടങ്ങി. തിരുവനന്തപുരം,തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയാണ് ആദ്യം നിയോഗിച്ചത്. മെഡിക്കൽ കോളേജുകളിൽ കൊവിഡ് ചികിത്സയ്‌ക്കൊപ്പം മറ്റു രോഗങ്ങൾക്കുള്ള ഒ.പിയും മുടങ്ങാതെ നടക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് മെഡിക്കൽ കോളേജിൽ നിന്നുള്ള ഒൻപത് പേരുടെ ആദ്യ സംഘത്തെ വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ ചികിത്സാകേന്ദ്രത്തിലാണ് അയച്ചത്. കഴിഞ്ഞമാസം 21മുതൽ 30വരെയായിരുന്നു ആദ്യസംഘം. രണ്ടാമത്തെ സംഘത്തെ ഇന്നലെ മുതൽ ഈമാസം 10വരെ നിയോഗിച്ചു.

അഡിഷണൽ, അസോസിയേറ്റ് പ്രൊഫസർമാരും വിദ്യാർത്ഥികളും ഒൻപത് പേർവരെ ഓരോ സംഘത്തിലുമുണ്ട്. വരുംദിവസങ്ങളിഷ വട്ടപ്പാറ എസ്.യു.ടി, കാരക്കോണം മെഡിക്കൽ കോളേജ്, ഗ്രീൻഫീൽഡ് എന്നിവിടങ്ങളിലേക്കും ഡോക്ടർമാരെ നിയോഗിക്കുമെന്നാണ് വിവരം.

മെഡിക്കൽ കോളേജുകളിൽ കൊവിഡ് ചികിത്സയ്ക്കൊപ്പം മറ്റു രോഗങ്ങൾക്കുള്ള ഒ.പിയും നടക്കുന്നുണ്ട്. പുതിയ തീരുമാനം സ്ഥിതി ഗുരുതരമാക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ജൂനിയർ ഡോക്ടർമാരില്ല

എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ജൂനിയർ ഡോക്ടർമാരെയാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ നിയോഗിച്ചിരുന്നത്. എന്നാൽ സാലറിചലഞ്ചിന്റെ പേരിൽ ശമ്പളം പിടിച്ചതോടെ ഇവർ പ്രതിഷേധത്തിലാണ്. ആയിരത്തോളം പേരിൽ പലരുടെയും മൂന്ന് മാസത്തെ നിയമന കാലാവധി കഴിഞ്ഞു.

കൊവിഡ് ബ്രിഗേഡ് ?

രോഗവ്യാപനം രൂക്ഷമായാൽ കരുതലായാണ് കൊവിഡ് ബ്രിഗേഡ് സജ്ജമാക്കുന്നത്. അലോപ്പതി, ആയുർവേദ,ഹോമിയോ വിഭാഗങ്ങളിലായി 2397 ഡോക്ടർമാരുണ്ടെന്നാണ് ഈമാസം മൂന്നിന് സർക്കാർ അറിയിച്ചത്.

എന്നാൽ ഇവരെയും ചികിത്സാകേന്ദ്രങ്ങളിലേക്ക് പരിഗണിച്ചിട്ടില്ല.

മന്ത്രിമാരെ നോക്കാനും ഡോക്ടർമാരില്ല

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന മന്ത്രിയെ നോക്കാൻ ഡോക്ടറില്ല. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് കാർഡിയോ, എൻഡോക്രൈനോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ആവശ്യമായെങ്കിലും സ്ഥിതി പരിതാപകരമായിരുന്നു. മൂന്നു ദിവസം മുൻപ് ബി.പി കൂടുതലായതിനാലാണ് കാർഡിയോളജി ഡോക്ടറുടെ സേവനം തേടിയത്. എന്നാൽ ആരും എത്തിയില്ല. ഒരു ദിവസത്തിന് ശേഷം കാർഡിയോളജിയിലെ പി.ജി ഡോക്ടർ ഫോണിലൂടെ വിളിച്ച് മരുന്ന് നിർദേശിച്ചു. പ്രമേഹം നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് എൻഡോക്രൈനോളജിയിൽ ബന്ധപ്പെട്ടത്. ആദ്യദിവസം പ്രതികരണമുണ്ടായില്ലെങ്കിലും രണ്ടാംദിവസം പി.ജി ഡോക്ടർ നേരിട്ടെത്തി മരുന്ന് കുറിച്ചു. എം.എൽ.എമാരും മന്ത്രിമാരും ചികിത്സയ്ക്കെത്തിയാൽ ആവശ്യമായ വകുപ്പുകളിലെ മേധാവിമാരോ പ്രൊഫസർമാരോ നേരിട്ടെത്തണമെന്ന പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനിടെയാണ് ഇത്തരമൊരു വീഴ്‌ചയുണ്ടായത്.

'സെക്കൻഡറി ചികിത്സാകേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കാനാവില്ല, നിരീക്ഷണം മാത്രമായിരിക്കും. ഡോക്ടർമാരെ പുറത്തേക്ക് നിയോഗിക്കുന്നത് മെഡിക്കൽ കോളേജുകളിലെ പ്രവർത്തനം താളം തെറ്റിക്കും.'

ഡോ.അജിത് പ്രസാദ്

പ്രസിഡന്റ്

ഗവ.മെഡി.കോളേജ് പി.ജി

ടീച്ചേഴ്‌സ് അസോ.