
കൊച്ചി: ഇനിയെങ്കിലും തട്ടിൽ കയറിയില്ലേൽ ആത്മഹത്യയെ മുന്നിലുള്ളൂവെന്ന് നാടകപ്രവർത്തകർ. മറ്റു മേഖലകൾ ഉപാധികളോടെ പ്രവർത്തനമാരംഭിക്കുമ്പോഴും നാടകമേഖലയിലെ പ്രതിസന്ധി തുടരുകയാണ്.
പ്രളയവും കൊവിഡും മൂലം സീസണുകളെല്ലാം നഷ്ടമായപ്പോൾ പുതിയ നാടകം ഒരുക്കാൻ സമിതികൾക്ക് പണം കണ്ടെത്തേണ്ട അവസ്ഥയാണ്.
വൻ കടക്കെണിയിൽ അകപ്പെട്ട പ്രൊഫഷണൽ നാടക നിർമ്മാതാക്കൾക്ക് സർക്കാർ സഹായം കൂടിയേ തീരൂ. ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യാൻ കേരള സംഗീതാ നാടക അക്കാഡമി മുൻകൈയെടുക്കണമെന്നാണ് കേരളാ പ്രൊഫഷണൽ ഡ്രാമാ ചേംബർ ആവശ്യപ്പെടുന്നത്.
പ്രളയവും കൊവിഡും
പ്രളയത്തിൽ നിരവധി നാടക സാധന സാമഗ്രികളാണ് നശിച്ചത്. കടം വാങ്ങി അടുത്ത സീസണിലേക്ക് തയ്യാറെടുക്കുമ്പോഴാണ് കൊവിഡ് വില്ലനാകുന്നത്. മാർച്ച്, ഏപ്രിൽ, മേയ് സീസണുകൾ നഷ്ടമായി.
വൻ സാമ്പത്തിക നഷ്ടമുണ്ടായ കലാകാരന്മാർക്ക് മറ്റ് തൊഴിൽ മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. പരിശീലനം ആരംഭിക്കാൻ അനുമതി ചോദിച്ചിട്ടും തീരുമാനമായിട്ടില്ല.
സഹായം അനിവാര്യം
നൂറോളം പ്രൊഫഷണൽ സമിതികളാണ് പ്രവർത്തിക്കുന്നത്. 1500 ഓളം പേരാണ് മേഖലയെ ആശ്രയിക്കുന്നത്. അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രൊഫഷണൽ നാടകത്തിന്റെ ഉന്നമനത്തിനു ഒരു കോടി രൂപ സർക്കാർ അനുവദിച്ചതും കൊവിഡ് പശ്ചാതലത്തിൽ ആരോഗ്യ വകുപ്പിലേക്ക് വകയിരുത്തിയിട്ടുണ്ട്.
ആവശ്യങ്ങൾ
1. പുതിയ നാടകം ഒരുക്കാൻ വായ്പയായി അഞ്ച് ലക്ഷം രൂപ സമിതികൾക്ക് അനുവദിക്കണം
2. രണ്ട് ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കണം
3. നാടക സാമഗ്രികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണം
"വായ്പയെടുത്തും പലിശക്ക് കടം വാങ്ങിയും പ്രതിസന്ധിയിലാണ്. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല."
സി.ഡി ദേശികൻ
ജനറൽ സെക്രട്ടറി
കേരളാ പ്രൊഫഷണൽ നാടക ചേംബർ