
ആലക്കോട്: ജനസംഖ്യയും വിസ്താരവുമേറിയ പഞ്ചായത്തുകൾ ഈ സർക്കാരിന്റെ കാലത്തും വിഭജിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂരിന്റെ മലയോര മേഖല കടുത്ത നിരാശയിലാണ്. ആലക്കോട്, നടുവിൽ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ രണ്ട് പഞ്ചായത്തുകൾ രൂപീകരിക്കുമെന്ന പ്രതീക്ഷയാണ് അസ്തമിട്ടത്. 15 വർഷമായി ഉന്നയിക്കുന്ന ആവശ്യത്തിന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടിയായത്.
ആലക്കോടിന് 21 വാർഡുകളാണ് ഇപ്പോഴുള്ളത്. അതിർത്തി പ്രദേശമായ മഞ്ഞപ്പുല്ല് മുതൽ ചെറുപുഴ പഞ്ചായത്തിന്റെ അതിർത്തിയായ കൂടപ്രം വാർഡ് വരെയുള്ള ദൂരം 24 കിലോമീറ്റർ വരും. അവികസിതമായ പ്രദേശങ്ങളും ആദിവാസി മേഖലകളുമുള്ള ഈ പഞ്ചായത്ത് വിഭജിച്ച് തേർത്തല്ലി ആസ്ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണമെന്നാണ് ആവശ്യം. രയറോം പുഴ അതിർത്തി നിശ്ചയിച്ച് നിലവിലുള്ള 10 വാർഡുകൾ പുതിയ പഞ്ചായത്തിൽ ഉൾപ്പെടുത്താം. നടുവിൽ പഞ്ചായത്തിലെ വാണിജ്യ സിരാകേന്ദ്രമായ കരുവൻചാൽ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണസമിതി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല.