hh

തിരുവനന്തപുരം: വെള്ളിത്തിരയുടെ കേന്ദ്രാസ്ഥാനം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമത്തിന് പുത്തനുണർവ്. സാങ്കേതിക രംഗത്ത് മുന്നേറിയിരുന്നെങ്കിലും നമ്മുടെ സിനിമകളെ ഇപ്പോഴും കേരളത്തിന് പുറത്തു നിന്നാണ് നിയന്ത്രിക്കുന്നത്. 40 വർഷം മുമ്പാംരംഭിച്ച തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ മുഴുവൻ ആവശ്യങ്ങളും നിറവേറാൻ പര്യാപ്തമല്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനെ മുൻ നിറുത്തി ഫിലിം സിറ്റി സ്ഥാപിക്കാനാലോചിച്ചത്.തിരുവല്ലത്ത് 80 ഏക്കറുണ്ടെങ്കിലും അതിന്റെ നാലിലൊന്ന് മാത്രമേ ഫലപ്രദമായി ഉപയോഗിക്കുന്നുള്ളൂ.ആദ്യം ഫിലിം സിറ്റിയും ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സും തിരുവല്ലത്ത് പണിയാനാണ് തീരുമാനിച്ചത്. 150 കോടി ചെലവിൽ ഫിലിം സിറ്റി രൂപീകരിക്കാനും 100 കോടിക്ക് ഫെസ്റ്റിവൽ കോംപ്ലക്സ് പണിയാനുമായിരുന്നു പദ്ധതി. ഫെസ്റ്റിവൽ കോംപ്ലക്സ് പിന്നീട് കഴക്കൂട്ടത്ത് കിൻഫ്ര പാ‌ർക്കിലേക്ക് മാറ്റാൻ തീരുമാനമായി. ഇവിടെ ആവശ്യത്തിന് സ്ഥലമില്ലെന്നാണ് ആരോപണം.

 കൺസൾട്ടൻസി പ്രൈസ് വാട്ടർ കൂപ്പറിന്

ചിത്രഞ്ജലി സ്റ്റുഡിയോ നവീകരണമാണ് ഇപ്പോൾ മുമ്പിലുള്ളത്. 66.8 കോടി രൂപയ്‌ക്കാണ് ആദ്യഘട്ടം നവീകരണം. ഇതിനുള്ള ഡി.പി.ആർ തയ്യാറായി. കിഫ്ബി അനുമതിയും ലഭിച്ചു. ടെൻഡർ നടപടി ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും.

 രാമോജി മോഡൽ തത്കാലം ഇല്ല

ആന്ധ്രയിലെ രാമോജി ഫിലിംസിറ്റി മാതൃകയൊന്നും പ്രാവർത്തികമാക്കാൻ ഇപ്പോൾ ഉദ്ദേശമില്ലെന്ന് അധികൃതർ പറയുന്നു. അത്ര സ്ഥലം കിട്ടില്ലെന്നതാണ് പ്രധാന കാരണം. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് കേന്ദ്രമാക്കാനും ഉദ്ദേശിക്കുന്നില്ല.

 ഫെസ്റ്റിവൽ കോംപ്ലക്സ് ആയില്ല


കിൻഫ്രാ പാർക്കിലെ അഞ്ച് ഏക്കർ പാട്ടത്തിനെടുത്താണ് ഫെസ്റ്റിവൽ കോംപ്ലക്‌സ് പണിയുന്നത്. ഇത് അകലെയാണെന്നതും നഗരത്തിൽ നടക്കുന്ന ചലച്ചിത്ര മേളയ്ക്ക് പ്രയോജനപ്പെടുത്താൻ പറ്റില്ലെന്നും വിമർശനമുയരുന്നുണ്ട്. നഗരത്തിൽ തന്നെ ആറേക്കറോളം സർക്കാർ ഭൂമിയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെയാണ് ഇതിന് കിൻഫ്രയിലേക്ക് കൊണ്ടുപോയതെന്നാണ് ആക്ഷേപം. ഭൂമി കൈവശം കിട്ടിയാലേ ഡി.പി.ആർ നടപടി തുടങ്ങൂ. 100 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്.


‌  വാഗ്ദാനവുമായി സ്വകാര്യ ഗ്രൂപ്പും


തിരുവനന്തപുരത്ത് രാജ്യാന്തര നിലവാരത്തിലുള്ള മീഡിയാ സിറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി ബ്രിട്ടീഷ് കമ്പനിയായ മൈ യു.കെ നെറ്റ്‌വർക്കും രംഗത്തുവന്നിരുന്നു. സർക്കാർ അനുവദിച്ചാൽ തിരുവനന്തപുരത്തെ രാജ്യാന്തര നിലവാരത്തിലുള്ള സിനിമാ-വിഷ്വൽ മീഡിയാ കേന്ദ്രമാക്കി മാറ്റാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ചലച്ചിത വികസന കോർപറേഷന് കീഴിലെ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് സ്ഥിതിചെയ്യുന്ന 80 ഏക്കർസ്ഥലത്ത് മീഡിയാ സിറ്റി സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം. ഇവരെക്കൂടാതെ യു.എസിലെ രണ്ട് കമ്പനികളും കൂടി ചേർന്ന് സർക്കാരിന് സമർപ്പിച്ചത് 3350 കോടി രൂപയുടെ പദ്ധതിയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.

'ഉടൻ ഭൂമിയുടെ സർവേ നടത്തും. എത്ര സ്ഥലമുണ്ടെന്ന് അതിനു ശേഷമേ കൃത്യമായി പറയാൻ കഴിയൂ. സിനിമ നിർമ്മിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. ഇപ്പോൾ പുറത്ത് ഷൂട്ടിംഗ് കുറവാണ്. അതിനുള്ള സൗകര്യം ഇവിടെയുണ്ടാക്കും. പോസ്റ്റ്പ്രൊഡക്ഷൻ നടത്താനും സഹായിക്കും".

- എൻ. മായ, ചലച്ചിത്ര വികസന കോർപറേഷൻ എം.ഡി