coconut-oil-

വെളളറട: അതിർത്തി പ്രദേശങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളുടെ വില്‌പന വ്യാപകമാകുന്നതായി പരാതി. ഇവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പരിശോധനയില്ലെന്നും ആപേക്ഷമുണ്ട്. ഇതിനാൽ തന്നെ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും മറ്റും വിൽക്കാൻ കച്ചവടക്കാർക്ക് യാതൊരുമടിയുമില്ല. വ്യാപകമായി മായം കലർന്ന ഭക്ഷ്യവസ്തുക്കളും തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ ഉത്പന്നങ്ങളും,​ ശീതളപാനീയങ്ങളും,​ അച്ചാറുകളുമാണ് അതിർത്തി ഗ്രമങ്ങളിൽ വില്പനയ്ക്കെത്തുന്നത്. ചന്തകളിൽ വില്പനയ്ക്കെത്തുന്ന മത്സ്യങ്ങൾ പഴകിയതാണെന്നും പരാതിയുണ്ട്. ഇത്തരത്തിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് വില കുറവായതിനാൽ ചില ഭക്ഷണശാലകൾ ഇവ വാങ്ങുന്നതായും നാട്ടുകാർക്കിടയിൽ പരാതിയുണ്ട്. ഇതിന് പുറമേ തമിഴ്നാട്ടിൽ നിന്ന് അതിർത്തി റോഡുകളിലൂടെ പരിശോധനകളില്ലാതെ കശാപ്പിന് കന്നുകാലികളും എത്തുന്നുണ്ട്. അനധികൃത കശാപ്പുശാലകളിൽ രോഗബാധയുണ്ടോ എന്ന പരിശോധന പോലുമില്ലാതെയാണ് ഇവയെ മാംസമാക്കി വില്പന നടത്തുന്നത്. ഓണവിപണി ലക്ഷ്യമിട്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കവറിലും കുപ്പിയിലും പായ്ക്കറ്റുകളിലുമായി എത്തിയ ഭക്ഷ്യവസ്തുക്കൾ ഏറെയാണ്. ഇവയുടെ പുറത്ത് ഉത്പാദകരുടെ പേരോ വിലാസമോ ഇല്ല. എത്ര ദിവസം ഇവ ഉപയോഗിക്കാമെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.

വ്യാജ പാൽ മുതൽ എണ്ണകൾ വരെ

അതിർത്തി ഗ്രാമങ്ങളായ വെള്ളറട,അമ്പൂരി,കുന്നത്തുകാൽ,ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തു പ്രദേശങ്ങളിലാണ് മായം കലർന്ന ഭക്ഷ്യ വസ്തുക്കളുടെ വില്പന വ്യാപകമായി നടക്കുന്നത്. കൃതൃമ പാലും അതിർത്തി കടന്ന് എത്തുന്നുണ്ട്.കടകളിൽ കച്ചവടക്കാർക്ക് ലാഭം കൂടുതൽ നൽകിയാണ് ഇത്തരം സാധനങ്ങൾ വില്പന നടത്തുന്നത്. ഇത് നിയന്ത്രിക്കേണ്ട ചുമതല ഭക്ഷ്യ സുരക്ഷ വിഭാഗത്തിനാണെങ്കിലും അവർ കാര്യമായ പരിശോധനകൾ നടത്താതായതോടെ എന്തും വിൽക്കാമെന്ന അവസ്ഥയാണ് അതിർത്തി ഗ്രാമങ്ങളിലുള്ളത്.