01

പോത്തൻകോട് : കൃഷിചെയ്യാൻ താല്പര്യമുണ്ടെങ്കിലും മതിയായ സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് സൗകര്യപ്രദമാകുന്ന വിധത്തിലുള്ള നൂതന കൃഷി രീതിക്ക് നാട്ടിൽ പ്രചാരം ഏറിവരുന്നു. മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും പഴയ പത്രക്കടലാസുകൾ കൊണ്ട് മണ്ണില്ലാകൃഷി പരീക്ഷിക്കുകയാണ് ഒരുകൂട്ടം വീട്ടമ്മമാർ. ചന്തവിള ആമ്പലൂരിലെ 20 വില്ലകൾ ഉൾപ്പെടുന്ന കേരള ഹോംസിലാണ് കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കഴക്കൂട്ടം കൃഷി ഭവൻ മുഖേന പദ്ധതി നടപ്പിലാക്കിയത്. മണ്ണില്ലാകൃഷിയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമെന്നാകും ചിന്തിക്കുന്നത്. എന്നാൽ, അതൊന്നുമല്ല. മണ്ണിന് പകരമായി പഴയ ന്യൂസ്‌ പേപ്പറുകളാണ് ഉപയോഗിക്കുന്നത്. സാധാരണ മട്ടുപ്പാവ് കൃഷിയ്ക്ക് ഗ്രോബാഗിൽ പോട്ടിംഗ് മിശ്രിതം നിറച്ച് അതിലാണ് തൈകൾ നടുന്നത്. വെള്ളം ഗ്രോബാഗിന്റെ മുകളിലൂടെ ഒഴിച്ചുകൊടുക്കുകയാണ് പതിവ്. അതിനാൽ മട്ടുപ്പാവിൽ ചോർച്ചയുണ്ടാകുന്നത് കൂടാതെ ഭാരക്കൂടുതൽ കാരണം ബലക്ഷയവും അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നു. ഇക്കാരണങ്ങളാൽ മട്ടുപ്പാവ് കൃഷി താത്പര്യമുള്ളവർ പോലും രംഗത്തിറങ്ങാതിരുന്നത് പ്രതികൂലമായി ബാധിച്ചിരുന്നു. പഴയ ന്യൂസ്‌പേപ്പർ കൊണ്ട് മണ്ണില്ലാകൃഷിയോടൊപ്പം തിരി, നന സംവിധാനവും വികസിപ്പിച്ചെടുത്തതോടെ മണ്ണില്ലാ കൃഷി കൂടുതൽ ആളുകളെ ആകർഷിച്ചു.

വേണ്ട സാധനങ്ങൾ

ഒരു കിലോ പഴയ ദിനപത്രം, രണ്ടു കിലോ ചകിരികമ്പോസ്റ്റ്, രണ്ടദ കിലോ ചാണകപ്പൊടി തുടങ്ങിയവ ചെറിയ അളവിൽ (40 ഗ്രാം ) ഡോളമൈറ്റ് വിതറി അമ്ലഗുണം മാറ്റി വിവിധ അടുക്കുകളായി ഗ്രോബാഗിൽ നിറയ്ക്കുന്നു. ഗ്രോബാഗിന്റെ മദ്ധ്യഭാഗത്ത് തിരി ക്രമീകരിക്കുന്നു. മടക്ക് നിവർത്തി ഒന്നിന് മുകളിൽ ഒന്നായി മൂന്നു സെന്റിമീറ്റർ ഉയരത്തിൽ അടുക്കിയ ന്യൂസ് പേപ്പറുകൾക്ക് മീതെ മൂന്നു സെന്റിമീറ്റർ കനത്തിൽ ചകിരികമ്പോസ്റ്റ് നിറയ്ക്കുന്നു. അതിന് മീതെ വീണ്ടും 3 സെന്റിമീറ്റർ കനത്തിൽ ദിനപത്രങ്ങൾ നിറയ്ക്കുന്നു. ഇവയ്ക്ക് മീതെ മൂന്നു സെന്റിമീറ്റർ കനത്തിൽ ചാണകപ്പൊടി നിറയ്ക്കുന്നു. ഇങ്ങനെ നിറയ്ക്കുന്ന അടുക്കുകളിൽ അവസാനം ചാണകപ്പൊടിയാണ് നിറയ്ക്കുന്നത്. ഇവയ്ക്ക് മുകളിലായാണ് ഡോളമൈറ്റ് വിതറി മിശ്രിതം പൂർണമായി നനയുന്ന തരത്തിൽ ഒരാഴ്ച നനച്ച ശേഷം തൈ നടുന്നത്.

പരിചരണം

ഒരിക്കൽ ഗ്രോബാഗ് നിറച്ചുകഴിഞ്ഞാൽ ചെടി വളരുന്നതിനനുസരിച്ച് ചാണകപ്പൊടി, മൈക്രോ ന്യൂട്രിയന്റ് എന്നിവ ആവശ്യാനുസരണം നൽകിത്തുടങ്ങാം. പല രോഗങ്ങളും മണ്ണു വഴിയാണ് പകരുന്നത്.തക്കാളി, മുളക് ,വഴുതന തുടങ്ങി വിളകളിൽ കണ്ടുവരുന്ന ബാക്ടീരിയ വാട്ടം മണ്ണിൽക്കൂടി പകരുന്ന രോഗമാണ്. മണ്ണില്ലാ കൃഷിയിൽ ഈ രോഗം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. എല്ലാവീടുകളിലും ഉപയോഗിച്ച പത്രങ്ങൾ ഒരു ബാദ്ധ്യതയായി മാറുമ്പോൾ പച്ചക്കറി കൃഷിയുടെ ഒരു അസംസ്‌കൃത വസ്തു എന്ന നിലയിൽ ഇതിനെ പ്രായോഗികമായി ഉപയോ ഗിക്കാൻ കഴിയുന്നത് മൂലം കൂലിച്ചെലവും ഗണ്യമായി കുറയുന്നു. കടലാസ് വളരെ വേഗം ജലത്തെ ആഗിരണം ചെയ്യുന്നതിനാൽ മട്ടുപ്പാവിലെ തിരി നന കൃഷി സമ്പ്രദായത്തിൽ ഏറ്റവും അനുയോജ്യമാണ് ഈ കൃഷി രീതി.കീട രോഗങ്ങളുടെ കുറവും കുറഞ്ഞ ചെലവും അധിക ഉത്പാദനവും ഈ കൃഷി രീതി കാർഷിക മേഖലയിൽ വിപ്ലവം വിളയിക്കും.