cbi

ശരവേഗത്തിൽ കേസെടുത്തും മിന്നൽ റെയ്ഡുകൾ നടത്തിയും ലൈഫ് കോഴക്കേസിൽ പിടിമുറുക്കുകയാണ് സി.ബി.ഐ. പ്രതിരോധത്തിലായ സർക്കാരാവട്ടെ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയെ സമീപിക്കുകയും സി.ബി.ഐ അഴിമതി നിരോധന നിയമം ചുമത്തി കേസെടുക്കും മുൻപേ വിജിലൻസിനെ ഉപയോഗിച്ച് അഴിമതിക്കേസെടുക്കുകയും ചെയ്തു. വിദേശസഹായ നിയന്ത്രണചട്ടം ലംഘിച്ചും കേന്ദ്രാനുമതി ഇല്ലാതെയും യു.എ.ഇയിൽനിന്ന് 20കോടി നേടുകയും നാലേകാൽകോടി കോഴയായി തട്ടുകയും ചെയ്ത അഴിമതി സർക്കാരിനെയാകെ പിടിച്ചുലയ്‌ക്കുമെന്ന സ്ഥിതിയാണിപ്പോൾ.

കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ നിർമ്മാണ കമ്പനിയുടമ സന്തോഷ് ഈപ്പനിലൂടെ ലൈഫ് മിഷൻ സി.ഇ.ഒയിലേക്കും അതുവഴി ഉന്നതരിലേക്കുമെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്നതിനാൽ ലൈഫ് മിഷൻ ചെയർമാനായ അദ്ദേഹത്തെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് സി.ബി.ഐ പറയുന്നു. നാലേകാൽക്കോടി കോഴയിടപാട് ചാനലിലൂടെ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, അത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്, എ.കെ.ബാലൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, കരാറൊപ്പിടുമ്പോൾ തദ്ദേശസെക്രട്ടറിയായിരുന്ന ടി.കെ.ജോസ്, ചീഫ്സെക്രട്ടറിയായിരുന്ന ടോം ജോസ്, നോർക്ക സെക്രട്ടറി ഇളങ്കോവൻ എന്നിവർ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്. ലൈഫ് മിഷൻ വൈസ് ചെയർമാൻ തദ്ദേശമന്ത്രി എ.സി.മൊയ്തീനും അന്വേഷണപരിധിയിലാണ്. ഇതെല്ലാം കേരളത്തിലുണ്ടാക്കാവുന്ന ഭൂകമ്പം മുൻകൂട്ടി കണ്ടാണ് സി.ബി.ഐയ്ക്കെതിരെ സർക്കാർ നീങ്ങുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊന്നും സി.ബി.ഐ അന്വേഷണത്തിൽ നിന്നൊഴിയാനാവില്ല. രാഷ്ട്രപതിക്കും ഗവർണർമാർക്കുമാണ് പരിരക്ഷയുള്ളത്. ചുമതലയുള്ളപ്പോൾ ഒരു അന്വേഷണ ഏജൻസിക്കു മുന്നിലും ഹാജരാവേണ്ട. അവ‌ർ അനുമതി നൽകിയാൽ മാത്രം ചോദ്യം ചെയ്യാം. പ്രളയ പുനരധിവാസത്തിന്റെ പേരിൽ പണം തട്ടാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നെന്നാണ് സിബിഐ വിലയിരുത്തുന്നത്. സുഹൃദ് രാഷ്ട്രമായ യു.എ.ഇയെ കബളിപ്പിച്ച ഇടപാടിൽ കോൺസുൽജനറലും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമെല്ലാം പങ്കാളിയായെന്നാണ് സി.ബി.ഐ കരുതുന്നത്. 2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് യു.എ.ഇയിൽ പണപ്പിരിവ് നടത്തിയതും പിരിച്ചെടുത്ത പണത്തിൽ ഒരു ഭാഗമായ 58കോടി തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടിലൂടെ എത്തിച്ചതും അന്വേഷിക്കും. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കുള്ള ഇരുപത് കോടിയും ഇതിൽപ്പെടും. കോൺസുലേറ്റിന്റെ അക്കൗണ്ടിന് വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) ബാധകമല്ലെന്ന പഴുത് മുതലെടുത്തായിരുന്നു തട്ടിപ്പ്.

വടക്കാഞ്ചേരിയിൽ 2.17ഏക്കറിൽ 140ഫ്ളാ​റ്റ് നിർമിക്കുന്നതിന് ലൈഫ് മിഷൻ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത് 2019 ജൂലായ് 11നാണ്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ് ക്രസന്റും ചേർന്നാണ്. എന്നാൽ, പിന്നീട് റെഡ് ക്രസന്റും ലൈഫ് മിഷനും ഇടപാടിൽനിന്ന് ഒഴിവാകുകയും കോൺസുൽ ജനറൽ നിർമാണക്കരാർ യുണിടാക്കിനു നൽകുകയുമായിരുന്നു. കരാർ ലഭിക്കാൻ നാലേകാൽ കോടി കോഴ നൽകിയെന്ന് യൂണിടാക് എം.ഡി എൻഫോഴ്സ്‌മെന്റിനോട് വെളിപ്പെടുത്തിയതാണ് നിർണായകമായത്. റെഡ് ക്രസന്റ് ആദ്യഗഡുവായി നൽകിയ 3.2 കോടി അതേപടിയും രണ്ടാം ഗഡുവിലെ 75 ലക്ഷവും കോഴ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് 75 ലക്ഷംപോയത്.

അധികാരം സിബിഐയ്ക്ക്

വിദേശസഹായ നിയന്ത്രണചട്ടത്തിലെ 42-ാം വകുപ്പ് പ്രകാരം (എഫ്.സി.ആർ.എ) ഒരു കോടി രൂപയോ അതിനു മുകളിലോ ഉള്ള വിദേശ സംഭാവനകളെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരം. കേസെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുവാദം സി.ബി.ഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകും മുൻപ് അനുമതി തേടിയാൽ മതി.

മുറുകുന്ന കുരുക്കുകൾ

വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് പദ്ധതിക്കായി യു.എ.ഇ റെഡ് ക്രസന്റ് നൽകിയത് ഒരു കോടി യു.എ.ഇ ദിർഹമാണ് (20.37കോടി രൂപ). ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് വടക്കാഞ്ചേരി പദ്ധതി അംഗീകരിച്ചത്. എഫ്.സി.ആർ.എ ചട്ടത്തിലെ സെക്ഷൻ 3 (1)(ബി) പ്രകാരം ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാ‌ർ നിയന്ത്രണത്തിലുള്ള കോ‌പറേഷനുകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാ‌ർ എന്നിവരൊന്നും വിദേശസഹായം സ്വീകരിക്കാൻ പാടില്ല. സർക്കാരിന് പണം സ്വീകരിക്കണമെങ്കിലും മുൻകൂർ കേന്ദ്രാനുമതി വേണം. അപ്പോൾ അബുദബിയിൽ രജിസ്ട്രേഷനുള്ള റെഡ്ക്രസന്റിൽ നിന്ന് സഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി നിർബന്ധം.

പ്രളയബാധിതർക്ക് വീടുവച്ച് നൽകാൻ 14.26കോടി, ഹെൽത്ത് സെന്റർ നിർമ്മിക്കാൻ 6.11കോടി എന്നിങ്ങനെ പണം ചെലവിടാനായിരുന്നു റെഡ്ക്രസന്റ് പ്രതിനിധി മുഹമ്മദ് അതീഫ് അൽ ഫലാത്തിയും ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസുമായി ഒപ്പിട്ട കരാർ. 140 ഫ്ലാറ്റിനുള്ള നിർമ്മാണ കരാർ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനുമായി ഒപ്പിട്ടത് യു.എ.ഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയാണ്. പണം റെഡ്ക്രസന്റ് നൽകുമെന്നാണ് കരാറിലുള്ളത്. ഹെൽത്ത് സെന്റ‌ർ നിർമ്മാണത്തിന് കൊച്ചിയിലെ സെയ്ൻ വെഞ്ചേഴ്സ് കമ്പനിയുമായി കരാറുണ്ടാക്കിയതും കോൺസുൽ ജനറലാണ്. യൂണിടാകിലെ രണ്ട് ഡയറക്ടർമാർ സെയ്ൻ വെഞ്ചേഴ്സിന്റെയും ഡയറക്ടർമാരാണെന്നതും ദുരൂഹം.

പ്രളയപുനർനിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ശേഖരിക്കാനും കമ്മിഷൻ തട്ടാനും വിദേശത്തടക്കം ഗൂഢാലോചന നടത്തിയെന്നും സർക്കാർ നേരിട്ട് വിദേശസഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. വിദേശസഹായ നിയന്ത്രണ (എഫ്.സി.ആർ.എ) ചട്ടപ്രകാരം വ്യക്തിപരമായ ആവശ്യത്തിനല്ലാതുള്ള എന്തും വിദേശസഹായത്തിന്റെ പരിധിയിലാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണമെത്തേണ്ടിയിരുന്നത്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിക്കാം. മ​റ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രാനുമതി ആവശ്യമാണ്.

അട്ടിമറിയുടെ വഴികൾ

വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയവും ആരോഗ്യകേന്ദ്രവും നിർമ്മിച്ചു നൽകുന്ന 20കോടിയുടെ പദ്ധതിക്ക് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ലൈഫ് മിഷൻ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയാണ് ഭരണാനുമതി നൽകിയത്. 2019ജൂലായ് 15ന് ചേർന്ന എംപവേർഡ് കമ്മിറ്റി ഇതിനൊപ്പം ഏഴ് ഫ്ലാറ്റ് സമുച്ചയങ്ങൾക്കു കൂടി ഭരണാനുമതി നൽകിയിരുന്നു.

 വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ ഉടമസ്ഥത തദ്ദേശസ്വയംഭരണ വകുപ്പിനാണ്. ഫ്ലാറ്റുകളുടെ പെർമിറ്റും സാങ്കേതികപരിശോധനയും ഗുണനിലവാര നിയന്ത്രണവും ലൈഫ് മിഷനാണ്.

 എംപാനൽ എജൻസികളിൽ നിന്ന് നിർദ്ദേശം സ്വീകരിച്ച് നിർമ്മാണം നടത്താനും എല്ലായിടത്തെയും നിർമ്മാണമാതൃക ഏകീകരിക്കാനും 2017ജൂൺ 12ന് ചേർന്ന യോഗം തീരുമാനിച്ചു.

ഫ്ലാറ്ര് സമുച്ചയങ്ങളുടെ സാങ്കേതികഅനുമതി ലൈഫ് മിഷന്റെ സമിതി നൽകാനും ഇതിനായി തദ്ദേശവകുപ്പ് ചീഫ് എൻജിനിയറെ നിയോഗിക്കാനും തീരുമാനിച്ചു. തുടർന്ന് 2017ഓഗസ്റ്റ് 18ന് തദ്ദേശവകുപ്പ് മന്ത്രിയുടെ അവലോകനയോഗത്തിൽ സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രം ലിമിറ്റഡ് ടെൻഡറിലൂടെ നിർമ്മാണ ചുമതല നൽകാൻ തീരുമാനിച്ചു.

 2018 ഏപ്രിൽ 11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിമിറ്റഡ് ടെൻഡറിനു പുറമെ സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റ് അക്രഡിറ്റഡ് ഏജൻസികൾ മുഖേനയോ ടെൻഡറിലൂടെയോ ഭവനനിർമ്മാണം വേഗത്തിലാക്കാൻ നിശ്ചയിച്ചു. ഇതിനായി ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി. പക്ഷേ, കരാർ കിട്ടിയ യൂണിടാക് അക്രഡിറ്റഡ് ഏജൻസിയല്ല.

അഞ്ച് വൻവീഴ്ചകൾ


1) ഇരുപതുകോടി വിദേശസഹായമുള്ള പദ്ധതിക്ക് മുഖ്യമന്ത്രി ഫയൽ കാണാതെയും മന്ത്രിസഭ അറിയാതെയും എങ്ങനെ അനുമതിയായി


2) സർക്കാരിനു വേണ്ടി കരാറൊപ്പിടേണ്ടത് ഗവർണറുടെ പേരിലാണ്. റെഡ്ക്രസന്റുമായുള്ള കരാറൊപ്പിട്ടത് യു.വി.ജോസ്.


3) ഡിസൈൻ, ഡ്രായിംഗ്, എസ്റ്റിമേറ്റ് അംഗീകരിക്കും മുൻപ് നിർമ്മാണ കരാറുകാരന്റെ വിവരങ്ങൾ സർക്കാർ അറിയേണ്ടതായിരുന്നു


4) ധാരണാപത്രത്തിലെ അറബിക് ഭാഗം ഗസറ്റഡ് റാങ്കുള്ള അറബിക് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയില്ല. ഇംഗ്ലീഷ് ഭാഗം നിയമവകുപ്പ് കണ്ടു.


5) തുടർ കരാറുകൾക്ക് റെഡ്ക്രസന്റ് കോൺസുലേറ്റിനെ ചുമതലപ്പെടുത്തിയതിന്റെ രേഖയില്ല. നിർമ്മാണകരാറിന്റെ രേഖ കരാർനേടിയ യൂണിടാകിൽ ഇല്ല