v

വെഞ്ഞാറമൂട്: പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മാടൻനട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കല്ലറ-പാലോട് റോഡിൽ ഭരതന്നൂർ മാടൻനട ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ഒരു കിലോമീറ്റർ മൺ റോഡാണ് പഞ്ചായത്തിന്റെ അനാസ്ഥയിൽ ചെളിക്കെട്ടായി കിടക്കുന്നത്. ഇതുകാരണം ഇതുവഴിയുള്ള കാൽനട യാത്ര പോലും അസാദ്ധ്യമായി.

റോഡിന്റെ ഇരുവശത്തുമായി നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ വഴി. കല്ലറ - പാലോട് റോഡ് നവീകരണത്തിന്റെ ഭാഗമായി മാടൻനട ജംഗ്ഷനിൽ നിർമ്മിച്ച ഓടയുടെ അപാകത കാരണം മൺ റോഡിന് സമാന്തരമായ 2.5 ഏക്കർ ഭൂമി മഴയത്ത് വെള്ളക്കെട്ടിലാവും. ഇവിടെ നിന്നാണ് മൺറോഡിലേക്ക് വെള്ളമിറങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

15 വർഷം മുമ്പ് നാട്ടുകാരുടെ ശ്രമഫലമായാണ് റോഡ് നിർമ്മിച്ചത്. റോഡ് നവീകരണത്തിനായി പ്രദേശവാസികൾ നിരവധി നിവേദനങ്ങൾ പഞ്ചായത്തിൽ നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ മാടൻനട റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.