
കോഴിക്കോട്: കൊവിഡിന്റെ മറവിൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ മടങ്ങിയെത്തി. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധ തിരക്കിലായതോടെയാണ് ഒളിഞ്ഞും മറഞ്ഞും കാരിബാഗുകളുടെ ഉപയോഗം കൂടിയത്. ശുചിത്വമിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്ല രീതിയിൽ നടപ്പാക്കിയ നിരോധനം കാറ്റിൽ പറത്തിയാണ് ജില്ലയിലെ പല കടകളും പ്രവർത്തിക്കുന്നത്.
വഴിയോര കച്ചവടക്കാർ മുതൽ ഹോട്ടലുകൾ വരെ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്. ജനുവരി ഒന്നിനാണ് ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം നിരോധിച്ചത്. ഇവ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ 10,000 രൂപ ഈടാക്കും, ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയുമാണ് പിഴ. നിരോധനം കർശനമാക്കിയപ്പോൾ തുടക്കത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ബാഗുകളാണ് പിടിച്ചെടുത്തത്. ഇതോടെ ജനം തുണിസഞ്ചിയിലേക്ക് ചുവടുമാറ്റി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രദർശന മേളകളും നടത്തിയിരുന്നു. മത്സ്യക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും മറ്റും ഉപയോഗിച്ചിരുന്നു.
നിരോധിച്ച പ്ലാസ്റ്റികുകൾ
ചെറിയ കുപ്പി,
50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ,
സ്‌ട്രോ,
സിഗരറ്റ് ബഡ്,
പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
അരലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ
പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ തുടങ്ങിയവ