reeja

മുക്കം: അവശതകൾക്കിടെ എഴുന്നേൽക്കാൻ പോലും പ്രയാസമാണെങ്കിലും തോറ്റുകൊടുക്കാൻ മണശ്ശേരിയിലെ റീജ തയ്യാറല്ല. കൊവി‌ഡ് കാലത്ത് ആരുടെയും ദയാവായ്പുകൾക്ക് കാത്തിരിക്കാതെ തന്നാലാകും വിധം മീൻകൊട്ടകൾ നിർമ്മിച്ച് വിൽക്കുകയാണ് ഈ യുവതി. തയ്യൽ ജോലി അറിയാമെങ്കിലും കൊവിഡ് കാലത്ത് പണിയില്ലാതായതോടെയാണ് മീൻകൊട്ട നിർമ്മാണത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. കുട ശീല കൊണ്ട് നിർമ്മിക്കുന്ന പ്രത്യേക സഞ്ചിയാണ് മീൻകുട. എത്ര കാലം വേണമെങ്കിലും മീൻ വാങ്ങാൻ ഉപയോഗിക്കാം. കഴുകണമെന്നേയുള്ളു.

കാര്യമറിഞ്ഞതോടെ കാരശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. അബ്ദുറഹിമാൻ 300 മീൻകൊട്ടകൾ വാങ്ങാൻ സന്നദ്ധനായി. മുക്കം നഗരസഭയിലെ മുനിസിപ്പൽ എൻജിനീയറായിരുന്ന സി.ആർ. ധന്യ 75 എണ്ണത്തിനും പറ്റാണിയിൽ ഗ്രൂപ്പ് 200 എണ്ണത്തിനും അനാർക് ഗ്രൂപ്പ് 500 എണ്ണത്തിനും മെറ്റീരിയൽ വാങ്ങി റീജയെ ഏൽപ്പിച്ചു.
മുക്കത്തെ ചിക്കൻ, മത്സ്യ വ്യാപാരികളും പ്രോത്സാഹനം നൽകുന്നു. ചിക്കൻ കടക്കാരുടെ സംഘടന 100 മീൻ കൊട്ടകൾക്കും മത്സ്യകച്ചവടക്കാർ 300 എണ്ണത്തിനും മെറ്റീരിയൽ വാങ്ങി നൽകി. കൊച്ചിയിലെ ബാഗ് നിർമ്മാതാക്കളായ രാധാകൃഷ്ണ ബാഗ്‌സ് ഉൾപ്പടെ സഹായവുമായി എത്തിയവരാണ്. വിവിധ സംഘടനകളും വ്യക്തികളും ഏൽപ്പിച്ച മെറ്റീരിയലുകൾ മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ റീജയ്ക്ക് കൈമാറി.
ഉത്പന്നത്തിന്റെ ലോഗോ നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പ്രകാശനം ചെയ്തു. കൗൺസിലർ വി. ഗിരിജ, അനാർക് ഗ്രൂപ്പ് പ്രതിനിധി ബർക്കത്തുള്ള എന്നിവരും സംബന്ധിച്ചു.

ഒരു നേരം മീൻ വാങ്ങുമ്പോൾ വീട്ടിലെത്തിക്കുന്നത് രണ്ട് പ്ലാസ്റ്റിക് കിറ്റുകളാണ്. അത് പറമ്പിൽ വലിച്ചെറിയും. വർഷം 720 കിറ്റെങ്കിലും എത്തും. ഒരു വാർഡിൽ 400 വീടുണ്ടെങ്കിൽ ഉദ്ദേശം മൂന്ന് ലക്ഷം കവറായി. ഇവയൊക്കെ കത്തിക്കുമ്പോൾ ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഡയോക്‌സീനും ഫ്യൂറാനുമൊക്കെയാണ് വായുവിൽ കലരുന്നതെന്ന് ചിന്തിച്ചു നോക്കണമെന്ന് സെക്രട്ടറി പറയുന്നു. ശിശുരോഗ വിദഗ്ദ്ധൻ ഡോ. ബൽരാജും മീൻകൊട്ടയുടെ പ്രചാരകനാകാൻ സന്നദ്ധനായിട്ടുണ്ട്.