
കറിയുപ്പ് അഥവ സോഡിയം ക്ലോറൈഡ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഒരു ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ് മതിയാവും. അതായത് ഏകദേശം ഒരു ടീസ് പൂൺ. എന്നാൽ, ഇന്ന് നാം കഴിക്കുന്ന ആഹാരത്തിലൂടെ ഒമ്പത് ഗ്രാം ഉപ്പ് ശരീരത്തിലെത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കറികളിൽ കറിയുപ്പ് ചേർക്കുന്നതു കൂടാതെ സോഡിയം സ്വാഭാവികമായിത്തന്നെ പല ഭക്ഷണങ്ങളിലുമുണ്ട്. നമ്മുടെ ശരീരത്തിന് അത് ധാരാളം മതിയാവും.
ഭക്ഷണത്തിലെ ഉയർന്ന അളവിലെ ഉപ്പ് രക്തസമ്മർദ്ദം ഉയർത്താൻ ഇടയാക്കും. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഏതാണ്ട് 30 ശതമാനവും ഉപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് രക്തസമ്മർദ്ദം അഥവാ ബി.പി നിയന്ത്രിക്കാൻ അത്യന്താപേക്ഷിതമാണ്. ബി.പി രോഗികൾ അവരുടെ ശരാശരി ദൈനംദിന ഉപ്പ് ഉപയോഗം അര ടീസ്‌പൂണിൽ താഴെയായി ചുരുക്കുന്നതാണ് നല്ലത്.
ഉപ്പിന്റെ അമിത ഉപയോഗം ഹൃദയത്തിന്റെ മാംസപേശികൾക്ക് ഭാരക്കൂടുതൽ ഉണ്ടാക്കുകയും ക്രമേണ അത് ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനത്തിന് കുറവ് വരുകയും മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ നഷ്ടം വർദ്ധിക്കുകയും ചെയ്യുന്നു.
ഈ പ്രക്രിയകളിലൂടെ രക്തസമ്മർദ്ദം ഉയരുന്നത് പക്ഷാഘാതം, ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തന തകരാർ, ഹൃദയാഘാതം എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അധിക ഉപ്പ് ആപത്ത്
സോഡിയത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ ശരീരത്തിൽ രക്തത്തിന്റെ അളവ് വർദ്ധിക്കുന്നു. ഇത് രക്തപ്രവാഹം രക്തക്കുഴലുകളിൽ ഏല്പിക്കുന്ന സമ്മർദ്ദം വളരെ കൂടുതലാണ്. ഇതിലൂടെ രക്തസമ്മർദ്ദം വർദ്ധിക്കുന്നു.
ഉപ്പ് അധികമായി ഉള്ളിലെത്തുന്നതോടെ രക്തസമ്മർദ്ദം കൂട്ടാൻ സഹായിക്കുന്ന ആൻജിയോടെൻസിൻ, വാസോപ്രസിൽ ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിക്കുന്നു.
ഉപ്പ് ശരീരത്തിൽ കൂടുമ്പോൾ രക്തക്കുഴലുകളുടെ സ്വാഭാവികമായ വികാസം കുറയുകയും അവ കൂടുതൽ സങ്കോചിക്കുകയും ചെയ്യുന്നു.
രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്ന രാസവസ്തുക്കളുടെ ഉത്‌പാദനം കുറയുന്നു.
ഈ പ്രക്രിയകളിലൂടെ രക്തസമ്മർദ്ദം ഉയർന്ന് പല അവയവങ്ങളെയും തകരാറിലാക്കുകയും ചെയ്യുന്നു.
അളവ് കുറച്ചാൽ അപകടം ഒഴിവാക്കാം
ഒരു ഇന്ത്യാക്കാരന്റെ ശരാശരി ഉപ്പിന്റെ ഉപഭോഗം ഏതാണ്ട് 10 മുതൽ 12 ഗ്രാം വരെയാണ്. എന്നാൽ, ഇത് 6 ഗ്രാമിൽ താഴെ നിറുത്തുന്നതാണ് നല്ലത്.
പ്രകൃതിദത്തമായ ഉപ്പിൽ 84 ശതമാനം സോഡിയം ക്ളോറൈഡും 16 ശതമാനം മറ്റു ലവണങ്ങളുമാണുള്ളത്. നാം ഉപയോഗിക്കുന്ന കറിയുപ്പിൽ 97.5 ശതമാനം സോഡിയം ക്ളോറൈഡുണ്ട്. കമ്പോളത്തിൽ ലഭ്യമായ ചില ഉപ്പുകളിൽ അയഡിൻ ചേർന്നിട്ടുണ്ട്. 75 ശതമാനം സോഡിയവും പാചക സമയം ഭക്ഷണസാധനങ്ങളിൽ ചേർക്കപ്പെടുന്നവയാണ്. ബേക്കറി പലഹാരങ്ങൾ, ഹോട്ടൽ ആഹാരം, പാകം ചെയ്ത് ടിന്നിലടച്ചു വരുന്ന ഭക്ഷണസാധനങ്ങൾ എന്നിവയിൽ ഉപ്പിന്റെ അളവ് ഏറ്റവും കൂടുതലാണ് എന്ന അറിയേണ്ടതുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിനും പല കോശങ്ങളിലേക്കുമുള്ള വൈദ്യുതപ്രവാഹത്തിന്റെയും സന്ദേശ നിയന്ത്രണങ്ങളുടെയും കേന്ദ്രബിന്ദു സോഡിയമാണ് എന്നും അറിയേണ്ടതുണ്ട്.
ആഴ്ചയിൽ ഒരിക്കൽ മാത്രം ഫാസ്റ്റ് ഫുഡ് കഴിച്ചാൽ തന്നെ നാം നമുക്ക് വേണ്ടതിന്റെ മൂന്നിരട്ടി സോഡിയം ഉള്ളിലെത്തുന്നുണ്ട്. പ്രകൃതിദത്തമായ ഭക്ഷണസാധനങ്ങളിൽ പലതിലും സോഡിയത്തിന്റെ അളവ് കുറവാണ്. ഭക്ഷണസാധനങ്ങൾ പാകം ചെയ്യുമ്പോഴാണ് 75 ശതമാനം ഉപ്പും ചേർക്കപ്പെടുന്നത്. പ്രോസസ്ഡ് ഫുഡ് ആണ് പ്രധാന വില്ലൻ.
ഉപ്പിലിട്ടത്, അച്ചാർ, ഉണക്കമത്സ്യം തുടങ്ങിയവ ഉപ്പു കൂടുതലുള്ള ഭക്ഷണസാധനങ്ങളാണ്. നമ്മൾ അറിയാതെ കൂടുതൽ സോഡിയം അകത്താക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ബേക്കറി പലഹാരങ്ങളാണ്. അവയിൽ ചേർക്കുന്ന ബേക്കിംഗ് സോഡ ഉയർന്ന സോഡിയം അടങ്ങിയിട്ടുള്ളതാണ്. ബ്രഡ്, ബൺ, ബിസ്കറ്റ് എന്നിങ്ങനെ എല്ലാ ബേക്കറി പലഹാരങ്ങളിലും ഉപ്പ് വളരെ കൂടുതലാണ്.
ചിപ്സ്, മിക്സ്‌ചർ, വറുത്ത കടലവർഗങ്ങൾ, വിവിധയിനം സോസുകൾ തുടങ്ങിയവയൊക്കെ അമിത അളവിൽ ഉപ്പുണ്ട്. ദൈനംദിന ഉപ്പുപയോഗം ശരാശരി അഞ്ച് ഗ്രാമിൽ താഴെ നിറുത്തണം. ഇതിലൂടെ പക്ഷാഘാതവും ഹൃദയാഘാതവും വഴിയുള്ള മരണനിരക്ക് പകുതിയിലധികം കുറയ്ക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.