g
അയന്തി കടവ്

കടയ്ക്കാവൂർ: കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം പഞ്ചായത്ത്‌ നിവാസികളുടെ ചിരകാല സ്വപ്നമായ അയന്തിക്കടവ് പാലം ഇനിയും അകലെ. മൂന്ന് പഞ്ചായത്തുകളിലുള്ളവരും ഈ ആവശ്യം ഉന്നയിച്ചുതുടങ്ങിയിട്ട് നാൽപ്പതോളം വർഷം പിന്നിടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ മുന്നണികളും പാലം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകുമെങ്കിലും പിന്നീട് ഇത് വിസ്മരിക്കുകയാണ് പതിവ്. വക്കം പുരോഷോത്തമൻ ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ പാലം നിർമ്മിക്കുന്നതിന് ബഡ്‌ജറ്റിൽ ടോക്കൺ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വന്ന മന്ത്രിസഭകളെല്ലാം പാലത്തിന്റെ കാര്യം ഗൗനിച്ചതേയില്ല.

കടയ്ക്കാവൂർ പഞ്ചായത്തിലെ ആറാം വാർഡും കിഴുവിലം പഞ്ചായത്തിലെ പതിനെട്ടും പത്തൊൻപതും വാർഡുകളും തമ്മിൽ ബന്ധിപ്പിക്കുന്ന അയന്തിക്കടവിൽ കടത്തുവള്ളം മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. പാലം വന്നാൽ തിരുവന്തപുരം എയർപോർട്ട്, മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ്, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് 8 കിലോമീറ്ററാണ് യാത്രാലാഭം. ഈ വഴിയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാത്തതിനാൽ ഇതും ഒരു അനുകൂല ഘടകമാണ്. എന്നാൽ ഇതൊന്നും അധികൃതർ മാത്രം അറിഞ്ഞഭാവം നടിക്കുന്നില്ല.

പ്രാധാന്യം വളരെയേറെ

പാലം ഇല്ലാത്തതിനാൽ ശാർക്കര ദേവീക്ഷേത്രത്തിലെ ഉത്സവസമയത്ത് ജനങ്ങൾക്ക് അക്കരെയെത്താൻ നിരവധി വള്ളങ്ങളെ ആശ്രയിക്കേണ്ടിവരും. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങിയാൽ കടയ്ക്കാവൂർ നിവാസികൾക്ക് രോഗികളെ താലൂക്ക് ആശുപത്രിയിൽ എത്തിക്കാനും പാലം ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കും.