editorial-

നിയമ നീതി സംവിധാനങ്ങളെ പരിഹസിക്കുന്ന തരത്തിൽ നടുക്കമുണ്ടാക്കുന്ന ഒരു കൂട്ടബലാത്സംഗം കൂടി നടന്നിരിക്കുകയാണ്. സകല കുറ്റകൃത്യങ്ങളുടെയും വിളനിലമായ യു.പിയിലെ ഹത്രാസ് എന്ന ഗ്രാമത്തിൽ പത്തൊൻപതുകാരിയായ ദളിത് യുവതിയാണ് മേൽജാതിയിൽപ്പെട്ട യുവാക്കളുടെ കൊടും ക്രൂരതകൾക്കിരയായി മരണപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്തംബർ 14-ന് പട്ടാപ്പകൽ അമ്മയോടും സഹോദരനോടും ഒപ്പം പാടത്ത് പുല്ലരിയാൻ പോയ യുവതിയെ നാലംഗ സംഘം കഴുത്തിൽ ഷാൾ മുറുക്കി തട്ടിക്കൊണ്ടുപോയാണ് സകലവിധ പീഡനമുറകൾക്കും വിധേയയാക്കിയത്. സഹോദരൻ നേരത്തെ വീട്ടിലേക്കു പോയതും അമ്മ മുന്നേ നടന്നതും സൗകര്യമാക്കിയെടുത്താണ് അക്രമിസംഘം യുവതിയുടെ മേൽ ചാടിവീണത്. ഡൽഹിയിൽ എട്ടുവർഷം മുൻപ് നിർഭയയ്ക്കുണ്ടായ പീഡനങ്ങൾക്കു സമാനമാണ് ഹത്രാസിലെ പെൺകുട്ടിക്കും കാപാലിക സംഘത്തിൽ നിന്നു നേരിടേണ്ടിവന്ന പീഡനമുറകൾ. അവളുടെ നാവ് കടിച്ചെടുക്കുകയും നട്ടെല്ല് ഒടിക്കുകയും കഴുത്ത് വരിഞ്ഞു മുറുക്കി സംസാരശേഷി ഇല്ലാതാക്കുകയും ചെയ്തു. അമ്മയ്ക്കു പിന്നാലെ യുവതി വീട്ടിലെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പാടത്ത് ബോധമറ്റു കിടന്ന യുവതിയെ കണ്ടെത്തുന്നത്. ആദ്യം അലിഗഢിലെ ആശുപത്രിയിലും സ്ഥിതി വഷളായതിനെതുടർന്ന് ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സകളെല്ലാം നൽകിയിട്ടും ചൊവ്വാഴ്ച രാവിലെ അവൾ ഈ ലോകത്തോട് വിടചൊല്ലുകയായിരുന്നു. നിർഭയ സംഭവത്തിലെന്നപോലെ ആശുപത്രിയിൽ രണ്ടാഴ്ചക്കാലം കൊടിയ വേദന അനുഭവിച്ചുകൊണ്ട് മരണവുമായി പൊരുതിയ പെൺകുട്ടി ഒരിക്കൽക്കൂടി രാഷ്ട്ര മനസ്സാക്ഷിയുടെ മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുകയാണ്. ജീവിക്കാനുള്ള അവകാശം ഉറപ്പു ചെയ്യുന്ന ഭരണഘടനയുണ്ട്. നിയമത്തിന് മുന്നിൽ ഏവരും തുല്യരാണെന്ന ഉദാത്തമായ നിയമ സംഹിതയുണ്ട്. ബലാത്സംഗം പോലുള്ള അതിനീചമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ പിടികൂടി ശിക്ഷിക്കാൻ കർക്കശ വ്യവസ്ഥകളോടെയുള്ള നിയമങ്ങളുണ്ട്. കൂട്ടബലാത്സംഗമാണെങ്കിൽ വധശിക്ഷ വരെ നൽകാമെന്നാണു നിയമ ഭേദഗതി. ഇതൊക്കെ ഉണ്ടായിട്ടും രാജ്യത്തുടനീളം തട്ടിക്കൊണ്ടുപോകലും ബലാത്സംഗങ്ങളും നിർബാധം നടക്കുന്നു. അതിപൈശാചിക രീതിയിൽ പെൺകുട്ടികളുൾപ്പെടെ സ്‌ത്രീജനങ്ങൾ ആക്രമിക്കപ്പെടുന്നു. ക്രൂരതകൾക്കിരയാകേണ്ടിവരുന്നവരിൽ ചിലരെങ്കിലും മാനഭയത്താൽ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. അധികം പേരും ശേഷിക്കുന്ന ജീവിതകാലം 'ഇര"കളായിത്തന്നെ കഴിയേണ്ടിവരുന്നു. കുറ്റവാളികളാകട്ടെ അപ്പോഴും നിയമത്തിന്റെ പഴുതുകൾ മുതലാക്കി സമൂഹത്തിൽ തലയെടുപ്പോടെ വിരാജിക്കുന്നു. പണവും രാഷ്ട്രീയബലവും സദാ അവരുടെ സഹായത്തിനുണ്ടാകും. പ്രതി രാഷ്ട്രീയക്കാരനാണെങ്കിൽ ഭരണാധികാരികൾ തന്നെ രക്ഷയ്ക്കെത്തും. പിന്നെ ആരെ ഭയക്കണം.

ഹത്രാസിലെ പെൺകുട്ടിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണ് സ്ഥലത്തെ മേൽജാതിക്കാരായ യുവാക്കൾ തെല്ലും പേടിയില്ലാതെ പട്ടാപ്പകൽ പാടത്തുവച്ച് അവളെ കടിച്ചുകീറാൻ ധൈര്യപ്പെട്ടത്. ഇത്തരം സംഭവങ്ങളിൽ പൊലീസ് അധികാരികളുടെയും ആശുപത്രി അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന നീതിനിഷേധം കുറ്റകൃത്യത്തോളം തന്നെ വലുതും ഭയാനകവുമാണ്. യുവതി കൂട്ടബലാത്സംഗത്തിനിരയായി മൃതപ്രായമായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ പൊലീസ് സ്റ്റേഷനുകളിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് സാധാരണ കണ്ണടയ്ക്കുന്ന പതിവു ഈ കേസിലും ആവർത്തിക്കുകയായിരുന്നു. ബന്ധുക്കൾ നിരന്തരം കയറിയിറങ്ങിയതിനെത്തുടർന്ന് അഞ്ചാം ദിവസമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. തുടർന്ന് സംഭവത്തിലുൾപ്പെട്ട നാലു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നത് നേട്ടം തന്നെ. യു.പിയിൽ മാത്രമല്ല സംസ്ഥാനത്തിനു പുറത്തേക്കും അതിനകം പ്രതിഷേധത്തിന്റെ ജ്വാലകൾ ആഞ്ഞുവീശാൻ തുടങ്ങിയിരുന്നു.

സവർണ കാപാലകന്മാരിൽ നിന്നു നേരിടേണ്ടിവന്ന കൊടും ക്രൂരതകൾക്കൊപ്പമാണ് മരണശേഷവും യുവതിയുടെ ജഡത്തോട് അധികൃതർ കാണിച്ച നിന്ദ്യമായ സമീപനം. മാതാപിതാക്കൾക്കുപോലും ഒരുനോക്കു കാണാൻ അവസരം നൽകാതെയാണ് മൃതദേഹം പൊലീസ് ചുട്ടെരിച്ചത്. പ്രഭാതത്തിലാണ് മരണം നടന്നതെങ്കിലും അർദ്ധരാത്രിയോടടുപ്പിച്ചാണ് ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ പൊലീസ് യു.പി ഗ്രാമത്തിലേക്കു ബലമായി കൊണ്ടുപോയത്. തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു നീക്കിയാണ് പൊലീസിനു വഴിയൊരുക്കിയത്. സംസ്കാര കർമ്മം രാവിലെയാക്കണമെന്ന അഭ്യർത്ഥനയും അധികൃതർ ചെവിക്കൊണ്ടില്ല. കൊടും കുറ്റവാളിയുടെ ജഡം രാത്രിയുടെ മറവിൽ രഹസ്യമായി സംസ്കരിക്കുന്നതു പോലെയായിരുന്നു പാവപ്പെട്ട ആ യുവതിയുടെ സംസ്കാര കർമ്മവും. പൊലീസുകാരല്ലാതെ മറ്റാരും അതിനു സാക്ഷികളായതുമില്ല.

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം യു.പി മുഖ്യമന്ത്രിക്കു ലഭിക്കുന്നത് യുവതിയുടെ മരണശേഷമാണ്. സംഭവത്തിൽ നാനാകോണുകളിൽ നിന്നും ഉയർന്ന പ്രതിഷേധം കത്തിപ്പടരാൻ തുടങ്ങുന്നതിനിടെ യു.പി സർക്കാർ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്കു ജോലിയും വാഗ്ദാനം ചെയ്തു. രാജ്യത്തെ ഇപ്പോഴത്തെ നാട്ടുനടപ്പ് ഇതൊക്കെയാണല്ലോ. പെൺകുട്ടികളുടെ മാനത്തിന് വിലയിടാൻ തിടുക്കം കാണിക്കുന്നതിനു പകരം കുറ്റവാളികൾക്ക് ഏറ്റവും അടുത്ത നാളിൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ഉറച്ച നടപടികളാണ് ഭരണകൂടത്തിൽ നിന്നുണ്ടാകേണ്ടത്. സമ്മർദ്ദങ്ങൾക്കൊടുവിലാണെങ്കിലും പിടികൂടിയ പ്രതികൾ വിചാരണയ്ക്കൊടുവിൽ പോറൽപോലുമേൽക്കാതെ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. പൊലീസിന്റെ അന്വേഷണവും കുറ്റപത്രവുമെല്ലാം അത്രയ്ക്കു യുക്തിഭദ്രവും പിഴവുകളില്ലാത്തതുമാകണം. മേലധികാരികളാണ് ഇതൊക്കെ ഉറപ്പുവരുത്തേണ്ടത്. ചുമതലകൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ഉദാസീനതയാണ് നീതിനിഷേധമായി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ നിരന്തരം അനുഭവിക്കേണ്ടിവരുന്നത്.

ഓടുന്ന ബസിൽ വച്ച് ഒരു ഡിസംബർ രാത്രിയിൽ നിർഭയയെ ആറു യുവാക്കൾ ചേർന്ന് കൊല്ലാക്കൊല ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഏറെ കളങ്കപ്പെടുത്തിയിരുന്നു. അത്തരത്തിലൊന്ന് രാജ്യത്തെവിടെയും ഇനി ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തിലാണ് സ്ത്രീസുരക്ഷാ നിയമങ്ങൾ ഏറെ ബലപ്പെടുത്തിയത്. അതിനുശേഷവും സ്ഥിതിക്കു വലിയ മാറ്റമുണ്ടായിട്ടില്ലെന്ന ദുഃഖസത്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ഹത്രാസിലെ ദളിത് പെൺകുട്ടിക്കു നേരിടേണ്ടിവന്ന ദാരുണാനുഭവം.