road

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തിന് മുമ്പായി റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഹൈക്കോടതി നിർദ്ദേശിച്ച പ്രധാന റോഡുകളടക്കം ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികൾക്ക് 47 കോടി രൂപയും, 33 അനുബന്ധ റോഡുകൾക്ക് 178 കോടിയുടെയും ഭരണാനുമതി നൽകി. ഇതിന്റെ ടെൻഡർ നടപടിയാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് പദ്ധതിയിലുള്ളത്. ശബരിമല റോഡുകൾക്കായി 225 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്പ് റോഡുകൾ ഗതാഗതയോഗ്യമാക്കും. മണ്ണാറകുളഞ്ഞി പമ്പാറോഡിൽ വിള്ളലുണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവിടെ കയർ ഭൂവസ്ത്രമുപയോഗിച്ച് സുരക്ഷിതമാക്കും. 9.25 കോടി ചെലവിൽ പ്ലാപ്പള്ളി ഗവി റോഡ് നവീകരിക്കുകയാണ്. മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ, മണ്ണാറക്കുളഞ്ഞി ചാലക്കയം എന്നീ ഭാഗങ്ങൾ ദേശീയപാത നിർമ്മാണത്തിന്റെ പുതിയ പദ്ധതിയിൽപ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കൽ ചാലക്കയം റോഡിന്റെ പുനർ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിർവഹിക്കും.