തിരുവനന്തപുരം:ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വിദേശ സംഭാവനകളെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരമെന്നിരിക്കെ, ലൈഫ് കോഴക്കേസിൽ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ സർക്കാർ തിരിച്ചടി ചോദിച്ചു വാങ്ങുകയായിരുന്നു.
ഇടപാടിൽ സർക്കാരിന് ബന്ധമില്ലെന്നും, യു.എ.ഇയിലെ റെഡ്ക്രസന്റും കൊച്ചിയിലെ യൂണിടാകുമായാണ് കരാറെന്നും സർക്കാർ വാദിച്ചെങ്കിലും, ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാകിന് പണം ലഭിക്കുമോയെന്ന കോടതിയുടെ ചോദ്യം തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തെത്തുടർന്ന് ഒപ്പിട്ട ധാരണാപത്രമാണ് ഇടപാടിന്റെ അടിസ്ഥാനമെന്ന സി.ബി.ഐയുടെ വാദം, കേസന്വേഷണം എങ്ങോട്ടാണെന്നതിന്റെ സൂചനയാണ്. ലൈഫ് കോഴക്കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാരിനാവില്ലെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ, ലൈഫ്പദ്ധതിയുടെ രേഖകളെല്ലാം ഇനി സി.ബി.ഐക്ക് നൽകണം. സംസ്ഥാന സർക്കാരിന്റെ പേരുപയോഗിച്ചാണ് വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത്. അതിനാൽ നിർമ്മാണക്കരാറുകാരന് പണം നൽകിയതല്ല, സർക്കാരുമായുള്ള ധാരണാപത്രമാണ് യഥാർത്ഥ ഇടപാടെന്നും, വിദേശസഹായ നിയന്ത്രണച്ചട്ടം ബാധകമാണെന്നുമുള്ള സി.ബി.ഐ നിലപാടും സർക്കാരിന് തലവേദനയാവും.
ലൈഫ് കരാറിൽ അഴിമതി കണ്ടെത്തിയതിനാൽ, അഴിമതിനിരോധന നിയമത്തിലെ വകുപ്പുകൾ കൂടി കേസിൽ സി.ബി.ഐ ഉൾപ്പെടുത്താനിടയുണ്ട്. അതോടെ, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലൻസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ റദ്ദാക്കപ്പെട്ടേക്കാം. ദുബായിലടക്കം നടന്ന ഇടപാടുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമില്ലെന്നും, യു.എ.ഇ കോൺസുലേറ്റ് പ്രതിനിധികളെയടക്കം ചോദ്യം ചെയ്യേണ്ടതിനാൽ സി.ബി..ഐ അന്വേഷണമാണ് ഉചിതമെന്നും കേന്ദ്രസർക്കാരും ഹൈക്കോടതിയിൽ നിലപാടെടുത്തേക്കും.
ഇനി ഇങ്ങനെ
ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ,സി.ബി.ഐ അന്വേഷണം വേഗത്തിലാവും.
കോഴനൽകിയെന്ന് സമ്മതിച്ച യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യും, സ്വപ്നാസുരേഷിനെയും സന്ദീപ്നായരെയും പ്രതിയാക്കും.
സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്തി വിജിലൻസ് കൊണ്ടുപോയ രേഖകൾ ആവശ്യപ്പെടും. ലൈഫ് മിഷനിൽ റെയ്ഡുണ്ടാവാം
ക്രമക്കേട് കാട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥരെയടക്കം എഫ്.ഐ.ആറിൽ കൂട്ടിച്ചേർക്കാം
കോഴയിടപാട് വെളിപ്പെടുത്തിയ മാദ്ധ്യമ ഉപദേഷ്ടാവ്, ശരിവച്ച രണ്ട്മന്ത്രിമാർ, ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ്ചെയർമാനായ തദ്ദേശമന്ത്രി എന്നിവരുടെ മൊഴിയെടുക്കാം
ഇടപാടിന്റെ രേഖകൾതേടി റെഡ്ക്രസന്റിനെ സമീപിക്കും.
വാദം മുറുകി ലൈഫ് മിഷൻ കേസ്
കൊച്ചി: ലൈഫ് ഭവന പദ്ധതി കരാറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ താത്പര്യങ്ങൾ നിമിത്തം പ്രാഥമികാന്വേഷണം പോലും നടത്താതെ സി.ബി.ഐ തിരക്കിട്ട് കേസെടുത്തെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്.
സർക്കാരിന്റെ വാദം
കെട്ടിട നിർമ്മാണത്തിന് സ്ഥലവും അനുമതിയും നൽകിയത് സർക്കാരാണ്. മാനുഷിക പരിഗണനയിലാണ് റെഡ് ക്രസന്റ് സഹായവാഗ്ദാനം. കരാറുകാർക്ക് സഹായം നൽകിയതിനു വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ബാധകമല്ല. കരാറുകാരുമായി റെഡ് ക്രസന്റ് ഉണ്ടാക്കിയ കരാറിൽ സർക്കാരിന് പങ്കില്ല. രാഷ്ട്രീയ താത്പര്യങ്ങൾ നിമിത്തം പ്രാഥമികാന്വേഷണം പോലും നടത്താതെ സി.ബി.ഐ തിരക്കിട്ട് കേസെടുക്കുകയായിരുന്നു. കരാറുകാരെ കണ്ടെത്തിയതും കരാറുണ്ടാക്കിയതും റെഡ് ക്രസന്റാണ്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം കേസെടുത്ത സി.ബി.ഐ , കരാറുകാരായ യൂണിടാക്, സാൻ വെഞ്ച്വേഴ്സ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയതിനു പുറമേ, ലൈഫ് മിഷൻ പദ്ധതിയിലെ തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെയും പ്രതിയാക്കി. സർക്കാരോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നിരിക്കെ, സർക്കാർ ഏജൻസിയുടെ സി.ഇ.ഒയ്ക്കാണ് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയത്. അതിനാൽ, കർശന നടപടി ഉണ്ടാകരുതെന്ന് നിർദ്ദേശിക്കണം.
സി.ബി.ഐയുടെ വാദം
യൂണിടാകിനും സാൻവെഞ്ച്വേഴ്സിനും പണം ലഭിച്ചെന്ന് സർക്കാർ സമ്മതിക്കുന്നുണ്ട്. ഇതെങ്ങനെ ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്. സർക്കാരിനോ ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്നും അന്വേഷിക്കണം. ലൈഫ് മിഷനും റെഡ് ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് സഹായം ലഭിച്ചത്. ഹർജിക്കാരനെ പ്രതി ചേർത്തിട്ടില്ല. കേസ് റദ്ദാക്കണമെന്ന ഹർജി അപക്വവും നിലനിൽക്കാത്തതുമാണ്. ക്രിമിനൽ നടപടി ചട്ടപ്രകാരമാണ് ലൈഫ് മിഷൻ സി.ഇ.ഒയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിക്കുന്നവരെ സാക്ഷികളോ പ്രതികളോ ആക്കാൻ കഴിയും.
ലൈഫ് മിഷനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണത്തിൽ കാഴ്ചക്കാരാകാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂ ഭവനരഹിതർക്കായി ആവിഷ്കരിച്ച ലൈഫ് മിഷനെ അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തുമ്പോൾ കാഴ്ചക്കാരാകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.ബി.ഐ കേസന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വടക്കാഞ്ചേരിയിൽ യു.എ.ഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ നിർമ്മിക്കുന്ന 140 ഫ്ലാറ്റുകളുടെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമ്മാണക്കരാർ യു.എ.ഇ കോൺസൽ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മിലേർപ്പെട്ടിട്ടുള്ളതാണ്. ലൈഫ് മിഷൻ ഇതിലൊരു തുകയും വിദേശസംഭാവന സ്വീകരിച്ചിട്ടില്ല. കരാർപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും 2010ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. ആ നിലയ്ക്ക് സി.ബി.ഐ ഫയൽ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹർജി സമർപ്പിച്ചത്. ഇത് ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസയയ്ക്കാൻ ഉത്തരവായി.
അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് വ്യക്തമായ ബോദ്ധ്യമുള്ളതിനാലാണ് സംസ്ഥാന വിജിലൻസ് അന്വേഷണമാരംഭിച്ചത്. എന്നാൽ, പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത കുറ്റങ്ങൾ ആരോപിക്കപ്പെടുമ്പോൾ അവ ചോദ്യം ചെയ്യപ്പെടേണ്ടത് നിയമവ്യവസ്ഥ അനുവദിച്ച അവകാശമാണ്. അവ വിനിയോഗിച്ചതേയുള്ളൂ. ഞങ്ങളെന്താക്ഷേപവും ഉന്നയിക്കും, സർക്കാർ അത് കേട്ടിരുന്നുകൊള്ളണം എന്ന സമീപനം സ്വീകാര്യമല്ല. അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ ചില പ്രശ്നങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സി.ഇ.ഒയ്ക്ക് അനുമതി കൊടുത്തത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.