
തിയേറ്ററുകളിലും മൾട്ടിപ്ളക ്സുകളിലും പ്രദർശനം പുനരാരംഭിക്കാൻകടമ്പകളേറെയെന്ന് ഫിയോക് ജനറൽ സെക്രട്ടറി എം.സി. ബോബി.
ഒക്ടോബർ 15 മുതൽ രാജ്യത്തിലെ തിയേറ്ററുകളും മൾട്ടിപ്ളക്സുകളും ഉപാധികളോടെ തുറക്കാമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും കേരളത്തിലെ പ്രദർശന ശാലകളിൽ പ്രദർശനം പുനരാരംഭിക്കാൻ കടമ്പകളേറെയെന്ന് ഫ്രിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ) ജനറൽ സെക്രട്ടറി എം.സി. ബോബി.
'കേന്ദ്ര ഗവൺമെന്റ് ഉപാധികളോടെ തിയേറ്ററുകൾ തുറക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിലെ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി കൂടിവേണം.ആറേഴ് മാസമായി അടഞ്ഞുകിടന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായ തിയേറ്ററുകൾ തുറക്കണമെങ്കിൽ സർക്കാർ കുറേ വിട്ടുവീഴ്ചകൾ ചെയ്തേ മതിയാകൂ. വിനോദ നികുതിയും നിശ്ചിത വൈദ്യുതി നിരക്കും ഉൾപ്പെടെയുള്ള പല കാര്യങ്ങളും ഒഴിവാക്കിതരണം.അങ്ങനെ ചെയ്താലേ തിയേറ്ററുകൾ തുറക്കാനും തുറന്ന് പ്രവർത്തിച്ചാൽത്തന്നെ നമുക്കത് ലാഭകരമാകുകയുമുള്ളു.

കെ.എസ്.ആർ.ടി.സിക്കും ടൂറിസം മേഖലയ്ക്കുമൊക്കെ അനുവദിച്ച പോലൊരു സാമ്പത്തിക പാക്കേജ് തിയേറ്റർ വ്യവസായത്തിനും അനുവദിക്കണം. സർക്കാർ നിർദ്ദേശമനുസരിച്ചാണ് ഏഴെട്ട് മാസമായി തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ ഇനി തിയേറ്ററുകൾ തുറന്ന് മുന്നോട്ട് പോകാനാകില്ല. തിയേറ്ററുകൾ തുറന്ന് പ്രേക്ഷകരെത്തി തുടങ്ങുമെന്ന് ബോദ്ധ്യമായാലേ നിർമ്മാതാക്കളും വിതരണക്കാരും മലയാള സിനിമകൾ റിലീസ് ചെയ്യാൻ സന്നദ്ധരാകൂ. അല്ലെങ്കിൽ അവർക്കും ദോഷം വരും. വിനോദ നികുതി ഒഴിവാക്കുന്നതുൾപ്പെടെ കുറച്ച് കാലത്തേക്കെങ്കിലും സർക്കാർ ഒരു സാമ്പത്തിക പാക്കേജ് അനുവദിച്ച് തന്നേ മതിയാകൂ. തിയേറ്ററുകൾ അടഞ്ഞ് കിടന്ന കാലത്തെ നിശ്ചിത വൈദ്യുതി നിരക്കും ഒഴിവാക്കി കിട്ടണം. നിശ്ചിത വൈദ്യുതിചാർജ് അറുപതിനായിരം രൂപ മുതൽ എൺപതിനായിരം രൂപവരെ തിയേറ്ററുകളുടെ വലിപ്പമനുസരിച്ച് വ്യത്യാസം വരുന്നുണ്ട്. അത് തിയേറ്റർ തുറന്നാലും ഇല്ലെങ്കിലും അടയ്ക്കേണ്ട തുകയാണ്. അതെങ്കിലും ഒഴിവാക്കിതരണം.സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള നടപടികളുണ്ടാകുകയാണെങ്കിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് അമ്പത് ശതമാനം ഒക്വപൻസിയിലും തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാം.
സർക്കാർ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് . അല്ലാതെ തിയേറ്ററുകൾ തുറന്നാൽ തിയേറ്ററുടമകൾ കടക്കെണിയിലേക്ക് വീഴുകയേയുള്ളൂ. സാധാരണ തിയേറ്ററുകൾക്കും മൾട്ടി പ്ളക്സുകൾക്കുമെല്ലാം ഇത് ബാധകമാണ്.തിയേറ്ററുകൾ തുറന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ പ്രേക്ഷകരുടെ ഒഴുക്ക് പ്രതീക്ഷിക്കണ്ട. സർക്കാർ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ തിയേറ്ററുകൾ തുറക്കാൻ ഞങ്ങൾ തയ്യാറല്ല. തുറന്നാലും തുടക്കത്തിൽ നാലും അഞ്ചും ഷോകൾക്ക് പകരം ഒന്നും രണ്ടും ഷോകളൊക്കെയേ ഉണ്ടാവാൻ സാധ്യതയുള്ളൂ. കൊവിഡ് ഭീതി മാറി പതുക്കെപ്പതുക്കെയേ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെത്തി തുടങ്ങൂ. തിയേറ്ററുകൾ തുറന്നാലും കുറച്ച് കാലത്തേക്ക് ലാഭം വരില്ല. നഷ്ടമേ ഉണ്ടാകൂ. കൂടുതൽ നഷ്ടമുണ്ടാകാതെ സർക്കാർ വിട്ടുവീഴ്ച ചെയ്താൽ എങ്ങനെയെങ്കിലും മുന്നോട്ട് പോകാൻ കഴിയൂ. ഒരുവർഷത്തെ ബിസിനസാണ് നഷ്ടമായത്. തിയേറ്ററുകൾ തുറന്നാലും നല്ല സിനിമകൾ വന്നാലേ തിയേറ്ററുകളിലേക്ക് ആളെത്തൂ."