
വെഞ്ഞാറമൂട്: കല്ലറ ഗ്രാമ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അവഗണനയുടെ നടുവിൽ. സ്ഥാപനം നവീകരിക്കുന്നതിനുള്ള ശ്രമംതുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ നാൽപ്പത് വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ് ഈ ദുരവസ്ഥ. പ്രദേശവാസിയായ ഓമനഅമ്മ 41 വർഷം മുൻപ് ഇഷ്ടദാനമായി നൽകിയ 5 സെന്റ് വസ്തുവിലാണ് അങ്കണവാടി ആരംഭിച്ചത്. 2 വർഷം മുൻപ് കെട്ടിടത്തിന് ബലക്ഷയവും കേടുപാടുകളും ഉണ്ടായതിനെ തുടർന്നാണ് രക്ഷാകർത്താക്കളും പഞ്ചായത്ത് ഭരണസമിതിയും കൂടിയാലോചിച്ച് പ്രവർത്തനം ഇവിടെ നിന്ന് മാറ്രിയത്.
പ്രതിമാസം 1200 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്ത കടമുറിയിലാണ് കഴിഞ്ഞ രണ്ട് വർഷമായി അങ്കണവാടി പ്രവർത്തിക്കുന്നത്. കെട്ടിടം പുനർനിർമ്മിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിൽ നിന്ന് 9 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബലക്ഷയം ഉള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് സമീപവാസി കെട്ടിടനിർമ്മാണത്തിനെതിരെ കേസുമായി എത്തിയത്. ഇതാണ് നിർമ്മാണ പ്രവർത്തനം നിലയ്ക്കാൻ കാരണം.
തെങ്ങുംകോട് പുളിമാത്തുകുന്ന് കോളനി, നാലുസെന്റ് കോളനി, ചിറയിൽകോണം കോളനി എന്നിവിടങ്ങളിൽ നിന്നടക്കം മുപ്പത്തിഅഞ്ചോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അങ്കണവാടിക്ക് പുറമേ പകൽവീടും ഹെൽത്ത് സെന്ററും ഒക്കെയുള്ള കേന്ദ്രം ഇവിടെ ഒരുക്കണം.
ഇതിനായി കല്ലറ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം
നാട്ടുകാർ
അങ്കണവാടി സ്ഥാപിച്ചത്: 1979 ൽ
പഠിക്കുന്ന കുട്ടികൾ: 35.
കെട്ടിടം നിർമ്മിക്കുന്നത്: 5സെന്റിൽ
അനുവദിച്ച തുക: 14 ലക്ഷം രൂപ