
തിരുവനന്തപുരം: നഗരത്തിലെ വലിയ മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴി അടിമുടി മാറുകയാണ്. ഇവിടെ കുന്നുകണക്കിന് കൂടി കിടന്നിരുന്ന മാലിന്യ കൂമ്പാരങ്ങളെല്ലാം നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാലിന്യക്കൂമ്പാരം നീക്കംചെയ്ത് പൂങ്കാവനമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എരുമക്കുഴി. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. പ്ളാസിറ്റിക് മാലിന്യം മെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എരുമക്കുഴിലുണ്ടായിരുന്നു. സമീപവാസികൾക്ക് പകർച്ച വ്യാധികളുൾപ്പെടെ നിരവധി രോഗങ്ങൾ പിടിപെട്ട സാഹചര്യത്തിലാണ് നഗരസഭ ഇവിടെ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ലോക്ക് ഡൗൺ മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെയും നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവർക്കും ദിവസവേതനം നൽകിയാണ് എരുമക്കുഴിയിലെ മാലിന്യം നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നഗരസഭ നിയോഗിച്ചത്. എരുമക്കുഴിയിലെ മാലിന്യം അവിടത്തന്നെ വേർതിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് 10 രൂപ നിരക്കിൽ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നൽകിയാണ് മാലിന്യം നീക്കം ചെയ്യുന്നത്.
പാളയത്ത് ബയോ മൈനിംഗ് ആരംഭിക്കും
നഗരത്തിലെ മറ്റൊരു മാലിന്യ കൂമ്പാരമായ പാളയത്ത് നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബയോ മൈനിംഗും ആരംഭിക്കും. നഗരസഭയ്ക്ക് കീഴിൽ കമ്മ്യൂണിറ്റി തലത്തിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി നിലവിൽ 56 കേന്ദ്രങ്ങളിൽ എം.ആർ.എഫ് യൂണിറ്റുകളും 430 തുമ്പൂർമൂഴി എയ്റോബിക് ബിന്നുകളും 220 പോർട്ടബിൾ എയ്റോബിക് ബിന്നുകളും പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ബയോ കമ്പോസ്റ്റർ കിച്ചൺ ബിൻ സംവിധാനമാണ് നഗരസഭ പ്രോത്സാഹിപ്പിക്കുന്നത്.
പദ്ധതി ഇങ്ങനെ
എരുമക്കുഴിയിൽ ലാൻഡ്സ്കേപ്പ് ഉൾപ്പെടെയുള്ള പൂന്തോട്ടത്തിന്റെ നിർമ്മാണമാണ് സജ്ജീകരിക്കുക.
ഇതിന്റെ തുടർച്ചയായി വനിതാ സൗഹൃദ കേന്ദ്രവും എരുമക്കുഴിയിൽ ആരംഭിക്കും.
മിനി ആർ.ആർ.സിയുടെ നിർമ്മാണവും എരുമക്കുഴിയിൽ പൂർത്തിയായി.
പൂന്തോട്ടത്തിനകത്തുള്ള നടപ്പാത ഇന്റർലോക്ക് ചെയ്തു
പ്രദേശത്ത് പുതിയ ഗേറ്റ്, ഫെൻസിംഗ് എന്നിവയും സജ്ജമാക്കും.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും പൊതുനിരത്തുകളിൽ മലിന്യമെത്തുന്നത് കുറയ്ക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ നഗരസഭ ആവിഷ്കരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.നഗരസഭ പിന്തുടർന്ന് വരുന്ന വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ സംവിധാനത്തിന്റെ വിജയത്തിന്റെ നേർ സാക്ഷ്യമാവുകയാണ് ഇപ്പോൾ എരുമക്കുഴി.
മേയർ.കെ.ശ്രീകുമാർ