ksb

വിതുര: പ്രവർത്തനം ആരംഭിച്ചിട്ട് 64 വർഷം പിന്നിട്ടിട്ടും വിതുര കെ.എസ്.ഇ.ബി ഓഫീസിന് സ്വന്തമായി കെട്ടിടമില്ല. വർഷങ്ങളായി ഓഫീസ് പ്രവർത്തിക്കുന്നത് ഓരോ സ്ഥലങ്ങളിലെ വാടകക്കെട്ടിടങ്ങളിലാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മാറി മാറി ഓഫീസ് പ്രവർത്തിച്ചത് മൂന്നു കെട്ടിടങ്ങളിൽ. പൊൻമുടി - വിതുര റോഡിൽ വിതുര - ചേന്നൻപാറ റോഡരികിലെ സ്വകാര്യ കെട്ടിടത്തിലാണ് രണ്ടുവർഷത്തോളമായി ഓഫീസിന്റെ പ്രവർത്തനം.

ഇടക്കിടെയുള്ള ഓഫീസ് മാറ്റം ജീവനക്കാരെയും ജനങ്ങളെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

വിതുര പൊന്മുടി റോഡിൽ ഹൈസ്കൂൾ ജംഗ്ഷനിലായിരുന്നു ആദ്യവർഷങ്ങളിൽ ഓഫീസ് പ്രവർത്തിച്ചത്. പിന്നീട് ഒരു കിലോമീറ്റർ ദൂരെ കെ.പി.എസ്.എം ജംഗ്ഷനിലേക്കു മാറി. അഞ്ചു വർഷം മുൻപ് കലുങ്കു ജംഗ്ഷനിലെ പഴയ സിനിമ തിയേറ്റർ കെട്ടിടത്തിലായി പ്രവർത്തനം. രണ്ടര വർഷം മുൻപാണ് കലുങ്കു ജംഗ്ഷനും ചേന്നൻപാറയ്ക്കുമിടയിലുള്ള കെട്ടിടത്തിലേക്കു മാറിയത്. ഇവിടെയെത്താൻ ഉപഭോക്താക്കൾ ഓട്ടോയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഓരോ തവണ സ്ഥലം മാറുന്നതിനുള്ള ചെലവും ബുദ്ധിമുട്ടും ഏറെയാണ്. കെട്ടിടവാടകയാണ് മറ്റൊരു പ്രശ്നം. ജില്ലയിലെ തന്നെ പ്രധാന വൈദ്യുത ഓഫീസിന് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ഇതിനുള്ള സ്ഥലം അനുവദിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്‌.