1

നെയ്യാറ്റിൻകര: കൊവിഡ് കാലത്ത് സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് വഴികാട്ടിയായി പ്രവർത്തന പാഠങ്ങളെത്തി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് നെയ്യാറ്റൻകര ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വർക്ക് ഷിറ്റുകൾ എത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലാണ് വർക്ക് ഷീറ്റുകൾ വിതരണം ചെയ്യുന്നത്. ഓരോ ക്ലാസിലും ഇംഗ്ലീഷ്, മലയാളം മാദ്ധ്യമങ്ങളിൽ തയ്യാറാക്കിയവർക്ക് ഷീറ്റുകൾ ക്ലസ്റ്റർ വിഭവ കേന്ദ്രങ്ങൾ വഴി വിദ്യാലയങ്ങളിൽ എത്തിക്കും.

ബി.ആർ.സി തല വിതരണോദ്ഘാടനം ടൗൺ എൽ.പി.എസിൽ നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ. ആർ. ഹീബ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. ഷിബു അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. അയ്യപ്പൻ, പരിശീലകരായ എ.എസ്. ബെൻ റെജി, ആർ. വിദ്യാ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

ചെങ്കലിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ തെരേസാസിൽ വിസ്റ്ററും, മാരായമുട്ടത്ത് തൃപ്പലവൂർ പ്രസാദും പൂവാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരിയും പരണിയത്ത് സജി രാജ് വിക്ടറും പുല്ലുവിളയിൽ കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാറും വിതരണോദ്ഘാടനം നിർവഹിച്ചു.