gg

മലയിൻകീഴ്: വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധ ബോധാവസ്ഥയിൽ മൾട്ടി സ്‌പെഷ്യലിറ്റി ബ്ലോക്കിൽ വെന്റിലേറ്ററിലാണ് ഇദ്ദേഹം.അമ്പലത്തിൽകാല ആലംകോട് രാഹുൽ നിവാസിൽ ജി.രാധാകൃഷ്ണനാണ് (53) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. സി.ഐയായ സജിമോന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാവിലെ 9 ന് ഡ്യൂട്ടിക്ക് എത്തിയ രാധാകൃഷ്ണൻ സി.ഐയുമായി വാക്ക് തർക്കത്തിലാവുകയും ഇതിനിടെ സി.ഐ രാധാകൃഷ്ണനെ തല്ലിയെന്നും പറയപ്പെടുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം വിശ്രമമുറിയിലെത്തി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വാർഡ് മെമ്പർ ഫോൺ വിളിച്ചറിയിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. വെന്റിലേറ്ററിൽ കഴിയുന്ന രാധാകൃഷ്ണന് കഠിനമായ ശ്വാസതടസമുണ്ട്. 48 മണിക്കൂർ നിർണായകമെന്നാണ് ഡോക്ടർമാർ ബന്ധുക്കൾക്ക് നൽകിയിരിക്കുന്ന വിവരം. പൂജപ്പുര സ്റ്റേഷനിൽ നിന്ന് നാലു മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽശാല സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐയായി എത്തുന്നത്. ജോലിഭാരം കൂടുതലാണെന്നും എപ്പോഴും സി.ഐയുടെ വഴക്ക് കേൾക്കുന്നതിനെക്കാൾ വോളന്ററി റിട്ടയർമെന്റ് എടുക്കുന്നതാണ് നല്ലതെന്നും, അനാവശ്യമായി ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടുന്നതായും അടുത്ത ബന്ധുക്കളോട് ഇദ്ദേഹം പറഞ്ഞിരുന്നു. രാത്രി വീട്ടിലുള്ളപ്പോഴും രാധാകൃഷ്ണൻ ഉറങ്ങാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നതായി ഭാര്യ പ്രിയ പറഞ്ഞു. രാധാകൃഷ്ണൻ എഴുതിക്കൊടുക്കുന്ന ജോലി സംബന്ധമായ വിവരങ്ങളടങ്ങിയ പേപ്പർ മേൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരുടെ മുന്നിൽ വച്ച് സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ച ശേഷം കീറി എറിയാറുണ്ടെന്നും ഇൗ പ്രവൃത്തിയിൽ അദ്ദേഹം മനോവിഷമത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. മകൻ രാഹുൽ പൊലീസ് ട്രെയിനിയാണ്. മകൾ: രാഗി