general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചൽ തോട് മുതൽ കൊടിനട വരെ ഒരു ഭാഗത്തെ ഗതാഗത സംവിധാനം പുനഃസ്ഥാപിച്ചു. മാസങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷമാണ് ദേശീയപാത വഴിയുള്ള ഗതാഗതം ആരംഭിച്ചത്.ആറ് മാസത്തോളം വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇക്കാരണത്താൽ ഇടറോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും രൂപപ്പെട്ടതും വാഹനയാത്രികർക്ക് വെല്ലുവിളിയായി മാറിയിരുന്നു. അടുത്തിടെ മഴ വില്ലനായതോടെ 45 ദിവസത്തോളം പണികൾ തടസപ്പെട്ടിരുന്നു. പള്ളിച്ചൽ രാജപാതയുടെ പണികൾ പൂർത്തിയായാൽ നാലുവരിപ്പാത വഴിയുള്ള ഗതാഗതം പൂർണമായ തോതിൽ പുനഃസ്ഥാപിക്കും. പള്ളിച്ചൽ തോടിന് കുറുകെ പാലം പണിയുന്നതിന്റെ ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തോടിന് കുറുകെ കോൺക്രീറ്റ് പാലത്തിന്റെ പണികൾ പൂർത്തിയായി 20 ദിവസം പിന്നിട്ടതോടെ മെറ്റലിട്ട് ടാറിംഗ് നടത്തുന്നതിന്റെ ജോലികളും നടന്നു വരികയാണ്. പള്ളിച്ചൽ തോട് മുതൽ കൊടിനട വരെ നാലു കിലോമീറ്റർ പരിധിയിൽ റോഡിൽ ഒരു ഭാഗത്തെ ടാറിംഗ് പൂർത്തിയായതോടെയാണ് രണ്ടുവരി ഗതാഗതത്തിന് അനുമതിയായത്. പള്ളിച്ചൽ വില്ലേജ് ഓഫീസ് മുതൽ പാരൂർക്കുഴി തൊട്ട് സമീപം വരെ ഇനി ടാറിംഗ് പൂർത്തിയാക്കാനുണ്ട്.മഴ മാറിയാൽ രണ്ട് ദിവസത്തിനുള്ളിൽ ടാറിംഗ് പൂർത്തീകരിക്കുമെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് അറിയിച്ചു. ഗതാഗതപ്രതിസന്ധി നേരിടുന്ന പള്ളിച്ചൽ തോടിന് സമീപം യു.എൽ.സി.എസ് തൊഴിലാളികളാണ് ഇപ്പോഴും ഗതാഗതം നിയന്ത്രിച്ചുവിടുന്നത്. സ്ഥലമേറ്റെടുക്കൽ വൈകുന്ന കൊടിനട മുതൽ ബാലരാമപുരം വരെയുള്ള നിർമ്മാണജോലികളും ആരംഭിച്ചു. കരിങ്കൽ ഭിത്തികെട്ടിയുയർത്തി മേൽഭാഗത്തെ കോൺക്രീറ്റ് ജോലികളും കഴിഞ്ഞ ദിവസം പൂർത്തിയായി. ഗതാഗതപ്രതിസന്ധി ഒഴിവാക്കി വാഹനഗതാഗതം സുഗമമാക്കാനാണ് കൊടിനട മുതൽ ബാലരാമപുരം വരെ വ്യാപാരികളുടെ എതിർപ്പിനെയും മറികടന്ന് താത്കാലികമായി കരിങ്കൽഭിത്തി കെട്ടിയുയർത്തിയത്. കൊടിനട –വടക്കേവിള റോഡിൽ 50 മീറ്ററോളം മെറ്റൽ പാകിയെങ്കിലും ടാറിംഗ് വൈകുന്നതിനെതിരെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്. രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുത്തനും പതിവായിരിക്കുകയാണ്.