
തിരുവനന്തപുരം: സൈബർ കുറ്റങ്ങൾക്കുള്ള വകുപ്പുകൾകൂടി ഉൾപ്പെടുത്തി പൊലീസ് ആക്ട് ഭേദഗതി ചെയ്യണമെന്ന ശുപാർശ ഡി.ജി.പി സർക്കാരിന് സമർപ്പിച്ചു. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാക്കുറ്റമാക്കും. തെറ്റായ കാര്യങ്ങൾ പറഞ്ഞും എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും ശിക്ഷാർഹമാക്കണമെന്നും ശുപാർശയിലുണ്ട്. സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരുടെ യൂട്യൂബ് വീഡിയോയും സ്ത്രീകളുടെ പ്രതിഷേധവും സൈബർ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ പരിമിതികൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ നിയമ ഭേദഗതിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ ശുപാർശകൾ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. നിലവിലെ നിയമത്തിൽ സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പുകളില്ല. അതിനാൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യണമെന്നാണ് ശുപാർശ.