
തിരുവനന്തപുരം: നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി 1451 കോടി മുടക്കി 189 റോഡുകൾ മൂന്നു മാസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനർനിർമാണം വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയൊരു പ്രളയത്തിന് തകർക്കാൻ കഴിയാത്ത വിധത്തിലുള്ള റോഡുകളും പാലങ്ങളുമാണ് പുനർനിർമിക്കുന്നത്. പ്രളയകാലത്ത് തകർന്ന 11000 കിലോമീറ്റർ റോഡും നൂറിലധികം പാലങ്ങളും 1783 കോടി രൂപ മുടക്കി ഗതാഗത യോഗ്യമാക്കി. 392 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 5000 റോഡുകളാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 14700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.