
തിരുവനന്തപുരം: അൺലോക്ക് 5ന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 15 നുശേഷം തുറക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സ്കൂളുകൾ തുറക്കാൻ ജനുവരിയെങ്കിലും ആയേക്കുമെന്നാണ് സൂചന. ഈ മാസം പകുതിയോടെ കൊവിഡ് കേസുകൾ ദിനംപ്രതി 15,000ത്തിലെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികൾ സ്‌കൂളിലെത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. കൊവിഡ് വ്യാപനം കൂടുന്ന സഹാചര്യത്തിൽ തിരക്കിട്ട് സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ളത്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ളാസിൽ പങ്കെടുപ്പിക്കാവൂവെന്നും ഹാജർ നിർബന്ധമാക്കരുതെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കൽ സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും സ്ഥിതിഗതികൾ വിശദമായി പഠിച്ചശേഷമേ അക്കാര്യം ആലോചിക്കൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു കേരളകൗമുദിയോട് പറഞ്ഞു. അൺലോക്കിന്റെ ഭാഗമായി ഒക്ടോബറിൽ സ്‌കൂൾ തുറന്നാലും ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ കണ്ടെത്തിയത്. രാജ്യത്തെ 217 ജില്ലകളിലായി 14500 പേർക്കിടയിലാണ് സർവേ നടത്തിയത്. ഈ അദ്ധ്യയനവർഷം സ്‌കൂൾ തുറന്നില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടാണ് പലരും പ്രകടിപ്പിച്ചത്. ഓൺലൈൻ ക്ലാസുകൾ സുഗമമായി നടക്കുന്നതിനാൽ കുറച്ചുകാലം കൂടി അദ്ധ്യയനം ആ രീതിയിൽ തുടരട്ടെയെന്ന നിലപാടാണ് പൊതുവേയുള്ളത്.
കുട്ടികൾ സ്‌കൂളിലെത്തിയാൽ രോഗവ്യാപന തോത് കൂടാനുള്ള സാദ്ധ്യത ഏറെയാണ്. സാമൂഹിക അകലം കുട്ടികളിൽ നടപ്പിലാക്കുക പ്രായോഗികമല്ല. അവർ രോഗബാധിതരായാൽ വീടുകളിലെ പ്രായമായവർക്കും അസുഖം വരാനുള്ള സാദ്ധ്യത വർദ്ധിക്കും. സ്കൂൾ തുറക്കൽ സംബന്ധിച്ച് കൈറ്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ ശുപാർശ അനുസരിച്ച് 10, 12 ക്ലാസുകളിലെ കുട്ടികൾ മാത്രമാണ് ആദ്യഘട്ടത്തിൽ സ്കൂളിലെത്തുക. റഗുലർ ക്ലാസുകൾക്കു പകരം സംശയനിവാരണത്തിനായി അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തണമെന്ന നിർദ്ദേശ്യമേ റിപ്പോർട്ടിലുള്ളൂ. ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും നിർദ്ദേശമുണ്ട്. ജനുവരിയിൽ മാത്രമേ സ്കൂൾ തുറക്കലിനെപ്പറ്റി ചിന്തിക്കൂ എന്ന സൂചനയും ഈ റിപ്പോർട്ടിലുണ്ട്.