photo

പാലോട്: ജില്ലാ പഞ്ചായത്ത് രണ്ടര കോടിയോളം ചിലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട് മുക്കാൻ തോട്ടിൽ നിർമ്മാണം പൂർത്തിയാക്കിയ പൊതു ശ്മശാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു.

നാടിനൊരു പൊതുശ്മശാനം വേണമെന്ന ഗ്രാമീണ ജനതയുടെ ഏറെക്കാലത്തെ ആവശ്യമാണ് ജില്ലാപഞ്ചായത്ത് യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ എ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഷൈലജാബീഗം, ബി.പി. മുരളി, വി. രജ്ഞിത്ത്, അഡ്വ. പ്രീജ, എസ്.എം. റാസി, കെ.പി. ചന്ദ്രൻ, ചിത്ര കുമാരി, ദീപാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

ഗേറ്റും പൂന്തോട്ടവും ഓഫീസും അന്തിമോപചാരം അർപ്പിക്കാനുള്ള സ്ഥലവും ദഹിപ്പിക്കാനുള്ള കെട്ടിടവും ചേർന്നതാണ് ശാന്തികുടീരം. ഗ്യാസിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. പരമ്പരാഗത രീതിയിൽ വിറക് ഉപയോഗിക്കാവുന്ന സംവിധാനവുമുണ്ട്. കരിമൺകോട് നിന്നും രണ്ട് കിലോമീറ്റർ മാറി മുക്കാംതോട് മാന്തുരുത്തിയിൽ ജില്ലാപഞ്ചായത്ത് വാങ്ങിയ അമ്പത് സെന്റിലാണ് ശ്മശാനം. ഈ സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ആകെയുണ്ടായിരുന്ന നടവരമ്പിനെ സൈഡ് വാൾ കെട്ടി ആറ് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡാക്കി. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട്, പനവൂർ, പാങ്ങോട് പഞ്ചായത്തുകളിലുള്ളവർക്ക് ശാന്തികുടീരം സഹായകമാകും.