
കൊച്ചി: കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ കടുത്ത നടപടികൾ തന്നെ സ്വീകരിച്ചെങ്കിലും വൈപ്പിൻ-ഫോർട്ട്കൊച്ചി റോ- റോ സർവീസിൽ സാമൂഹിക അകലം പടിക്ക് പുറത്ത്. ഫോർട്ടുകൊച്ചിയേയും വൈപ്പിനെയും ബന്ധിപ്പിക്കുന്ന രണ്ട് റോ-റോ സർവീസുകളാണ് ഉണ്ടായിരുന്നത്. നിലവിൽ ഇത് ഒന്നായി ചുരുങ്ങിയതോടെയാണ് വൻ തിരക്ക് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നത്. രണ്ട് റോ റോ സർവീസ് നടത്തിയാലും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തിടത്ത് ഒരു റോ- റോ മാത്രം സർവീസ് നടത്തുന്നത് യാത്രദുരിതം വർദ്ധിപ്പിക്കുന്നുണ്ട്. റോ- റോ അടിക്കടി തകരാറിലാകുന്നത് കണക്കിലെടുത്ത് ബോട്ട് സർവീസ് കാര്യക്ഷമമാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വൈപ്പിൻ ഫോർട്ട്കൊച്ചി മേഖലയിൽ സർവീസിനായി രണ്ട് റോ-റോയും ഒരു ബോട്ടുമാണ് കോടികൾ ചെലവഴിച്ച് നഗരസഭ പണികഴിപ്പിച്ചത്. എന്നാൽ റോ-റോയിൽ ഒരെണ്ണം തകരാറിലാണ്. ഏഴ് മാസത്തോളമായി ബോട്ട് സർവീസും നിർത്തിവച്ചിട്ട്. ബോട്ടിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞെങ്കിലും ബോട്ടുജെട്ടിയുടെ ശോചനീയാവസ്ഥ മൂലം ബോട്ട് സർവീസും പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. ബോട്ടിനെ ആശ്രയിച്ചിരുന്ന യാത്രക്കാരും റോ-റോയെയാണ് ആശ്രയിക്കുന്നത്. ബോട്ട് സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ യാതൊരു നിയന്ത്രണമില്ലാതെയുള്ള റോ- റോ സർവീസ് സമ്പർക്ക വ്യാപന സാദ്ധ്യത വർദ്ധിപ്പിക്കും.
കെ.എ മുജീബ് റഹ്മാൻ
പ്രസിഡന്റ്
വൈപ്പിൻ-ഫോർട്ടുകൊച്ചി
റോ- റോ സർവീസ് സംരക്ഷണ സമിതി