
കാസർകോട്: ബദിയടുക്കക്ക് സമീപം ബാറഡുക്ക റോഡരികിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും തകർക്കപ്പെട്ട കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിന് സമീപത്തായി ഒരു നാടൻ തോക്കും കണ്ടെത്തി. ഇന്നലെ 11 മണിയോടെയാണ് സംഭവം.
ചുവന്ന നിറത്തിലുള്ള മാരുതി 800 കാറാണ് രണ്ടുഭാഗത്തേയും ഗ്ലാസ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം അക്രമം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രണ്ടുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതായി പൊലീസിൽ വിവരമറിയിച്ചത്. നെല്ലിക്കട്ടയിലേയും ബദിയടുക്കയിലേയും സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായാണ് വിവരം. കാറിന്റെ രേഖകൾ പരിശോധിച്ചപ്പോൾ പരവനടുക്കം സ്വദേശിയുടേതാണെന്ന് വിവരമുണ്ട്. ഊർജ്ജിതമായി അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
തിരയില്ലാത്ത തോക്കാണ് കാറിന് സമീപത്തായി കണ്ടെത്തിയത്. ആയുധം കൈവശം വെക്കൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി ഈ ഭാഗത്ത് സംഘർഷം പതിവാണ്. തോക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.