
തിരുവനന്തപുരം: കടുത്ത നിയമലംഘനമെന്ന് രാജ്യത്തെ പരമോന്നത കോടതി വിശേഷിപ്പിച്ച ബാബ്റി മസ്ജിദ് ധ്വംസനത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മതനിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുള്ള ശിക്ഷ അവർ അർഹിക്കുന്നു.
മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നൽകിയവർ, കർസേവക്ക് ആഹ്വാനം ചെയ്തവർ, അതിനെ സഹായിച്ച സംഘടനകൾ, ആ ഘട്ടത്തിൽ തങ്ങളെ തടയാൻ കോടതിയാരാണ് എന്ന് ചോദിച്ചവർ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിന് ഉത്തരവാദികൾ നമ്മുടെ കണ്മുന്നിലുണ്ട്.
ഈ കടുത്ത നിയമലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘപരിവാർ ശക്തികൾക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങൾക്ക് കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും ഉത്തരവാദിത്വം കോൺഗ്രസിനും ചങ്ങാതിമാർക്കുമുണ്ട്.
പൂട്ടിക്കിടന്ന ബാബ്റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോൺഗ്രസാണ്. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാനും കർസേവയിലൂടെ അതൊരു മണ്ഡപമാക്കാനും അനുവാദം കൊടുത്തതും കോൺഗ്രസ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയിൽ സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തപ്പോൾ കർമരാഹിത്യത്തിലൂടെ മൗനമാചരിച്ച് അതനുവദിച്ച് കൊടുത്തതും കോൺഗ്രസ് തന്നെ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമപരമായ തുടർനടപടികൾക്ക് അന്വേഷണ ഏജൻസിയായ സി.ബി.ഐക്കും കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ട്. അതവർ നിറവേറ്റണം.
ലീഗിന് എപ്പോഴും വലുത് മന്ത്രിസ്ഥാനം
ബാബ്റി മസ്ജിദ് പൊളിച്ച ഘട്ടത്തിൽ തങ്ങൾക്ക് വലുത് നാല് മന്ത്രിസ്ഥാനമാണെന്ന് പറഞ്ഞ് അതും കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു ലീഗെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഘട്ടത്തിലും അവർ അതിനേ പ്രാമുഖ്യം കൊടുത്തിട്ടുള്ളൂവെന്നും ഇതിന് മുമ്പുള്ള പല അനുഭവങ്ങളിലൂടെയും തെളിയിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.