തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ റേഷനരി കടത്തി വേറെ പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിച്ച സംഭവത്തിൽ പരാതി ശരിയാണെന്ന് ഭക്ഷ്യകമ്മിഷൻ റിപ്പോർട്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. മന്ത്രി പി. തിലോത്തമന്റെ നിർദ്ദേശത്തെ തുടർന്ന് കെല്ലൂരിലെ ഡിപ്പോ മാനേജരേയും ഓഫീസ് ഇൻ ചാർജിനേയും ഇന്നലെ സസ്പെൻഡു ചെയ്തു. വിജിലൻസ് അന്വേഷണത്തിനും മന്ത്രി നിർദ്ദേശം നൽകി. മറ്റ് ഉദ്യോഗസ്ഥരുടെ പങ്കിൽ സംശയം തോന്നിയാൽ നടപടിയുണ്ടാകും.
സെപ്തംബർ 30 ന് മാനന്തവാടി കെല്ലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്നു റേഷൻ കടകളിലേക്ക് കൊണ്ടുപോയ അരിയാണ് പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സംശയം തോന്നിയ നാട്ടുകാർ കരിഞ്ചന്തവ്യാപാരം തെളിവോടെ പിടികൂടുകയായിരുന്നു. സപ്ലൈകോയുടെ ലേബലുള്ള 64 ചാക്ക് അരിയും വിദേശ ലേബലുള്ള 25 കിലോ അടങ്ങുന്ന 242 ചാക്ക് അരിയും ഒഴിഞ്ഞ ചാക്കുകളും സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. തുടർന്ന് കെല്ലൂരിലെ നാൽപതാം നമ്പർ റേഷൻ കടയും ദ്വാരകയിലെ മുപ്പത്തഞ്ചാം നമ്പർ കടയും സസ്‌പെൻഡു ചെയ്തിരുന്നു.
അഴിമതി പുറത്തുകൊണ്ടു വന്നത് കേരളകൗമുദി
സിവിൽ സപ്ലൈസിന്റേതുൾപ്പെടെയുള്ള ഗോഡൗണുകളിൽ നിന്ന് ഒരു മാസം കുറഞ്ഞത് പതിനായിരം ടൺ റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായുള്ള വിവരം 2019 മേയ് 13ന് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് നടന്ന പരിശോധനകളിൽ അരികടത്ത് കണ്ടു പിടിച്ചു. ഒടുവിൽ 1892 ടൺ അരി കേടായെന്ന് പറഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതും കേരളകൗമുദിയുടെ വാർത്താ ഇടപെടലിലൂടെയാണ്.